
മുണ്ടക്കയം: പൂഞ്ഞാർ എരുമേലി സംസ്ഥാനപാതയിൽ കണ്ണിമല വളവിൽ ചെന്നൈയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 10 വയസുകാരി മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും,കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 21 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ മുണ്ടക്കയം,എരുമേലി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആന്റോ ആന്റണി എം.പി സ്ഥലം സന്ദർശിച്ചു. കൂടുതൽ പോലീസിനെ മേഖലയിൽ നിയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് എം.പി നിർദ്ദേശം നൽകി.