
തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ സിപിഎം കൗൺസിലർ ഡി ആർ അനിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതായി ആരോപണം. നഗരസഭ കൗൺസിൽ യോഗത്തിനിടയിൽ അരങ്ങേറിയ പ്രതിഷേധത്തിനിടയിൽ 'പൈസ ആവശ്യമാണെങ്കിൽ വേറെ പണിക്ക് പോകണ'മെന്ന് പരാമർശിച്ചതായാണ് പരാതി.
സംഭവത്തിന് പിന്നാലെ ബിജെപി കൗൺസിലർമാരടക്കം ഡി ആർ അനിലിനെതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി പ്രതിഷേധം ഉയർത്തി. എന്നാൽ ബിജെപി ഉന്നയിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടില്ല എന്നായിരുന്നു ഡി ആർ അനിലിന്റെ വാദം. ഇത്തരത്തിലൊരു പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് മേയർ ആര്യാ രാജേന്ദ്രനും വിഷയത്തിൽ പ്രതികരണമറിയിച്ചു.
മേയറുടെ രാജി ആവശ്യപ്പെട്ട് നഗjസഭാ കൗൺസിൽ ഹാളിൽ ഇന്ന് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി കൗൺസിലർമാർ ആര്യാ രാജേന്ദ്രനെ വഴി തടഞ്ഞിരുന്നു. നിലത്ത് കിടന്ന് പ്രതിഷേധിച്ച പ്രതിപക്ഷ കൗൺസിലർമാരെ മറികടന്നാണ് ആര്യ രാജേന്ദ്രൻ ഡയസിലെത്തിയത്. പൊലീസും എൽഡിഎഫ് വനിതാ കൗൺസിലർമാരും ഡയസിലെത്താൻ മേയറെ സഹായിച്ചു. പൊലീസും ബി ജെ പി കൗൺസിലർമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രതിപക്ഷ ബഹളത്തിനിടെ കൗൺസിൽ യോഗം തടസപ്പെട്ടു. തുടർന്ന് സി പി എം - ബി ജെ പി അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. പ്രതിഷേധിച്ച ബി ജെ പിയുടെ ഒൻപത് വനിതാ കൗൺസിലർമാരെ മേയർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇവരെ കൗൺസിൽ ഹാളിൽ നിന്ന് പുറത്താക്കണമെന്ന് എൽ ഡി എഫ് കൗൺസിലർമാർ മൈക്കിലൂടെ ആവശ്യപ്പെട്ടു.