kk

തിരുവനന്തപുരം : 27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പുരസ്കാരം ബൊളീവിയൻ ചിത്രം ഉതാമയ്ക്ക്,​ അലഹാൻഡ്രോ ലോയാസ ഗ്രിസിയാണ് ചിത്രത്തിന്റെ സംവിധായകൻ,​ 20 ലക്ഷം രൂപയാണ് പുരസ്കാര തുക. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിന് ലഭിച്ചു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന് ജനപ്രിയചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ലഭിച്ചു.

മികച്ച സംവിധായകനുള്ള രജത ചകോരം തയ്ഫിനാണ്,​ ആലം സംവിധാനം ചെയ്ത ഫിറോസ് ഘോരി ഇന്ത്യയിലെ മികച്ച സംവിധാ.കനുള്ള രജത ചകോരം നേടി. ഇതേ ചിത്രത്തിനാണ് ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്കാരവും ലഭിച്ചത്. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം പി.എസ്. ഇന്ദുവിന് ലഭിച്ചു. നവാഗത സംവിധായകനുള്ള കെ.ആ‍ർ.മോഹനൻ പുരസ്കാരം അമർ കോളനി സംവിധാനം ചെയ്ത സിദ്ധാർത്ഥ് ചൗഹാനാണ്. അന്താരാഷ്ട്ര സിനിമയ്ക്കുള്ള ഫിപ്രസി അവാർ‌ഡ് ഔവർ ഹോം നേടി.

ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം വിഖ്യാത ഹംഗേറിയൻ സംവിധായകൻ ബേല താറിന് സമ്മാനിച്ചു. പത്ത് ലക്ഷം രൂപയാണ് പുരസ്കാരത്തുക. പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. പുരസ്കാര ദാനചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടന്നു.