police

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ, വീനിത് ശ്രീനിവാസൻ, ഹണി റോസ്, ജോണി ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ, തമിഴ് നടൻ കതിർ എന്നിവർ ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്.

കേരള സമൂഹത്തെ ഞെട്ടിച്ച വാളയാറിലും ഇടുക്കിയിലുമൊക്കെ സംഭവിച്ചതു പോലെ പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെൺകുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ട്രെയിലർ മുന്നിലേയ്ക്ക് വയ്ക്കുന്ന ആശയം. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് കാക്കിപ്പട നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന ടീസറും ഗാനങ്ങളും ഏറെ വെെറലായിരുന്നു. ഖത്തർ വേൾഡ് കപ്പ് മത്സരത്തിൽ കാണികൾക്ക് ഇടയിലായിരുന്നു ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ചിത്രം ഡിസംബർ 23നാണ് തിയേറ്ററുകളിൽ എത്തുന്നത്.

നിരഞ്‌ജ് മണിയൻപിള്ള രാജു,​ അപ്പാനി ശരത്,​ ചന്തുനാഥ്,​ ആരാധിക,​ സുജിത് ശങ്കർ,​ മണികണ്ഠൻ ആചാരി,​ ജയിംസ് ഏല്യാ,​ സിനോജ് വർഗീസ്,​ കുട്ടി അഖിൽ,​ സൂര്യാ അനിൽ,​ മാലാപാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.