
ഒരു കുഞ്ഞിക്കാലിന് വേണ്ടി കാത്തിരുന്ന് വിഷമിക്കുന്ന ദമ്പതികളുടെ കാലമൊക്കെ ഇനി പഴങ്കഥയാകുകയാണോ? ഗർഭാശയത്തിന്റെ പ്രശ്നം കാരണമോ അർബുധം പോലെ രോഗം കാരണമോ സ്വന്തമായി ഒരു കുഞ്ഞിനെ ലാളിക്കാനാവാത്തവർക്ക് പ്രത്യാശയാകുന്നതരം ആശയവുമായി ഗവേഷകൻ.
ശരീരത്തിന് പുറത്ത് കുഞ്ഞുങ്ങളെ 'നിർമ്മിച്ചെടുക്കാവുന്ന' തരം സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ്. ഈ വാർത്തയോട് ജനം ഒരേസമയം അത്ഭുതത്തോടെയും ഒരൽപം ആശങ്കയോടെയുമാണ് പ്രതികരിക്കുന്നത്. ഐവിഎഫ് ഗർഭധാരണം തന്നെ അമ്പരപ്പോടെ കാണുന്ന ജനങ്ങളുളള ലോകത്താണ് അതിനിടയിലേക്ക് ഗർഭധാരണത്തെ ഒരു സുതാര്യമായ പോഡിലേക്ക് മാറ്റാൻ കഴിയുമെന്ന കണ്ടെത്തൽ വരുന്നത്.
ബെർലിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാഷെം അൽ ഖെയ്ലിയുടെ ഉടമസ്ഥതയിലുളള എക്ടോലൈഫ് എന്ന സംരംഭത്തിൽ വർഷത്തിൽ 30,000 കുട്ടികളെ ഇങ്ങനെ സൃഷ്ടിക്കാനാകും എന്നാണ് കണ്ടെത്തൽ. ലോകമാകെയുളള ഗവേഷകരുടെ അൻപത് വർഷത്തെ ഗവേഷണത്തിന്റെ ഫലമാണ് സ്ഥാപനം.
കുട്ടിയെ സൃഷ്ടിക്കുന്നതിനൊപ്പം ആ കുട്ടി എങ്ങനെവേണം എന്നത് ഡിസൈൻ ചെയ്യാനും രക്ഷകർത്താക്കൾക്ക് അനുവദിക്കുന്ന ഒരു എലൈറ്ര് പാക്കേജും ഹാഷെം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി ഗുരുതര രോഗങ്ങളും കാലമെത്താതെയുളള പ്രസവം പോലെയുളള പ്രശ്നങ്ങളും അകറ്റാം.
പോഡുകളിൽ സ്ഥാപിച്ച സെൻസർ വഴി അണുബാധയടക്കം പ്രശ്നങ്ങളകറ്റാനാകും എന്നാണ് ഹിഷാമിന്റെ വാദം. മാത്രമല്ല കുഞ്ഞിന്റെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദനില, ശ്വസനനില എന്നിങ്ങനെയടക്കം നിരവധി കാര്യങ്ങളറിയാം.