kerala-cm

തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായി കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രതിഷേധം ഒഴിവാക്കാനായാണ് നടപടി. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാനായി നിയോജക മണ്ഡലം പ്രസിഡന്റ് എ എം നിതീഷ്, ജെറി പി. രാജു, വിഗ്നേശ്വര പ്രസാദ് എന്നീ പ്രവർത്തകരെയാണ് തടങ്കലിലാക്കിയത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കടുത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിയ്ക്ക് നേരെ പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം ഇതിന് മുൻപ് അരങ്ങേറിയിട്ടുണ്ട്. ഇതിന് തടയിടാനായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻകൂറായി തടവിലാക്കിയത്. കഴിഞ്ഞ ജൂൺ മാസത്തിൽ കോഴിക്കോട് വെച്ച് യുവമോർച്ചയും യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.

അതേ സമയം ദേശീയപാത വികസനത്തിൽ കേരളത്തിലെ ജനങ്ങളെ സർക്കാരും സി പി എമ്മും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പരാമർശം നടത്തി. ദേശീയപാത സ്ഥലമേറ്റെടുപ്പിന് കേരളം മാത്രമാണ് ഇരുപത്തിയഞ്ച് ശതമാനം പണം നൽകുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലക്സുകളിലൂടെയും ചർച്ചകളിലൂടെയും സി പി എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, സ്ഥലമേറ്റെടുപ്പിന് മറ്റ് സംസ്ഥാനങ്ങൾ അൻപത് ശതമാനം പണം നൽകുമ്പോൾ കേരളം ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് നൽകുന്നതെന്നും മുരളീധരൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.