qatar-wc

ദോഹ: ഫുട്ബാൾ ലോകകപ്പിൽ സുരക്ഷ ഒരുക്കുന്നവർക്ക് സാധാരണയായി തലവേദനയുണ്ടാക്കുന്നതിൽ പ്രധാനികളാണ് ബ്രിട്ടീഷ് ആരാധകർ. മത്സരത്തിന്റെ വീറും വാശിയുമെല്ലാം തന്നെ കളിക്കളത്തിന് പുറത്തേയ്ക്കെത്തിച്ച് അടിപിടിയാക്കി മാറ്റുന്നത് ഇംഗ്ളീഷ് ആരാധകർക്കിടയിൽ പതിവാണ്. കഴിഞ്ഞ റഷ്യൻ ലോകകപ്പ് വേദിയിൽ വരെ അവർ അത് ആവ‌ർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഖത്തർ ലോകകപ്പിൽ തത്‌സ്ഥിതിയ്ക്ക് മാറ്റം വന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഖത്തർ ലോകകപ്പിലെ ഇത് വരെയുള്ള മത്സരങ്ങളിൽ പതിവിന് വിപരീതമായി ഒരു ബ്രിട്ടീഷ് ആരാധകനെപ്പോലും അറസ്റ്റ് ചെയ്യേണ്ടി വന്നിട്ടില്ല എന്നാണ്

യുകെ ഫുട്‌ബാള്‍ പോലീസിംഗ് യൂണിറ്റ് മേധാവി ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് റോബര്‍ട്ട്‌സിന്റെ സ്ഥിരീകരണം. തങ്ങളുടെ ആരാധകർ സാധാരണയായി കലഹപ്രിയരായതിനാൽ തന്നെ ഇവരെ നിയന്ത്രിക്കാനായി ബ്രിട്ടനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ വരെ നിയോഗിച്ചിരുന്നു. എന്നാൽ ഇവർക്ക് ഒരു ബ്രിട്ടീഷ് ആരാധകനെ പോലും അറസ്റ്റ് ചെയ്യേണ്ടി വന്നില്ല എന്നാണ് ക്വാർട്ടർ ഫൈനലോടെ ഇംഗ്ളണ്ട് ലോകകപ്പിന് പുറത്തായതിന് പിന്നാലെ പുറത്ത് വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഖത്തർ ലോകകപ്പിലെ ബ്രിട്ടീഷ് ആരാധകരുടെ മാതൃകാപരമായ പെരുമാറ്റത്തിന് ഒരു പരിധി വരെ സ്റ്റേഡിയങ്ങൾക്ക് പുറത്ത് മദ്യ വിൽപ്പന നിരോധിച്ച ഫിഫ നടപടി സഹായകരമായെന്നാണ് വിവരം. കഴിഞ്ഞ ഫുട്ബാൾ ലോകകപ്പിനിടയിൽ മൂന്ന് ബ്രിട്ടീഷ് ആരാധകരെയാണ് അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ അറസ്റ്റ് ചെയ്തത്.