
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ ആരോപണവിധേയയായ മേയർ ആര്യാ രാജേന്ദ്രൻ കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കരുതെന്നാവശ്യപ്പെട്ട് ഇന്നലെ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ ഭരണപക്ഷവുമായി കൈയാങ്കളിയും സംഘർഷവും. കൗൺസിലിൽ സംഘർഷമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങളായ സിമി ജ്യോതിഷ്,സുമി ബാലു,മഞ്ജു ജി.എസ്,പദ്‌മലേഖ, ദേവിമ,മീന ദിനേശ്,ദീപിക,രാജലക്ഷ്മി,അർച്ചന മണികണ്ഠൻ എന്നിവരെ കൗൺസിലിൽ നിന്ന് മേയർ സസ്‌പെൻഡ് ചെയ്തു.
ബഹളത്തിനിടെ വേഗത്തിൽ അജൻഡകൾ പാസാക്കി ഒരുമണിക്കൂർ കൊണ്ട് കൗൺസിൽ പിരിഞ്ഞു. ശക്തമായ പൊലീസ് കാവലിൽ യോഗം ചേർന്നപ്പോൾത്തന്നെ ബി.ജെ.പിയിലെ വനിതാ കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി മേയറുടെ കസേരയ്‌ക്ക് ചുറ്റും കിടന്നതോടെ മേയർക്കും സെക്രട്ടറിക്കും ഡയസിലേക്ക് കടക്കാനായില്ല. തുടർന്ന് വനിതാപൊലീസും എൽ.ഡി.എഫ് കൗൺസിലർമാരും ചേർന്നാണ് ഇവരെ ഡയസിലെത്തിച്ചത്.
യോഗം തുടങ്ങിയെങ്കിലും ബി.ജെ.പി,യു.ഡി.എഫ് കൗൺസിലർമാർ ബാനറുകളും ബോർഡുകളുമായി മേയറുടെ ഡയസിൽ കയറി പ്രതിഷേധം തുടർന്നു. മേയറെയും സെക്രട്ടറിയെയും മറച്ചുക്കൊണ്ട് ബാനർ പിടിച്ചായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം. കൗൺസിൽ അജൻഡകൾ പാസാക്കുന്നതിനിടെ ആരോപണവിധേയനായ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഡി.ആർ.അനിലിന്റെ നേതൃത്വത്തിൽ ബാനറുകൾ പിടിച്ചെടുത്തു നശിപ്പിക്കാൻ ശ്രമിച്ചത് യു.ഡി.എഫ് എൽ.ഡി.എഫ് കൗൺസിലർമാർ തമ്മിലുള്ള കൈയാങ്കളിയിലെത്തി.
ബി.ജെ.പിയുടെ ബാനർ നശിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. കൗൺസിലർമാർ തമ്മിൽ കൈയാങ്കളിയുടെ വക്കിലെത്തിയപ്പോൾ പൊലീസ് ഇടപെടുകയായിരുന്നു. മേയർ ഗോ ബാക്ക് എന്നെഴുതിയ ബാനറുമായി വനിതാ കൗൺസിലർമാർ മേയറുടെ മുന്നിൽ നിരന്നു. ഇവരെ മാറ്റാൻ വനിതാ പൊലീസ് ശ്രമിച്ചെങ്കിലും കൗൺസിലർമാർ ശക്തമായി ചെറുത്തതോടെ പിന്മാറി. ഇതിനിടെ മ്യൂസിയം എസ്.ഐയുടെ നേതൃത്വത്തിൽ ബാനർ നീക്കംചെയ്യാൻ ശ്രമിച്ചതോടെ പുരുഷ കൗൺസിലർമാരും പൊലീസുമായി ഉന്തുംതള്ളുമായി. ഇതിനിടെ പ്രതിഷേധം കുറച്ച് അജൻഡയിലെ ചർച്ചയിൽ പങ്കെടുക്കാൻ ബി.ജെ.പി അംഗങ്ങൾ ശ്രമിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിച്ചശേഷം ചർച്ചയിൽ പങ്കെടുത്താൽ മതിയെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ഇതോടെ ചർച്ച ഉപേക്ഷിച്ച് മേയർക്ക് മുന്നിലെത്തി വീണ്ടും പ്രതിഷേധം ശക്തമാക്കി. തുടർന്ന് അജൻഡകളിലേക്ക് മേയർ കടന്നു. സസ്‌പെൻഡ് ചെയ്‌ത കൗൺസിലർമാരെ അറസ്റ്റുചെയ്‌ത് നീക്കണമെന്ന് മേയർ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല.
പ്രതിപക്ഷം കോടതിയെ മാനിക്കണം: മേയർ
നഗരസഭയിൽ കൗൺസിലർമാർ തുടരുന്ന പ്രതിഷേധത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ഭരണസമിതി ചുമതലയേറ്റ നാൾ മുതൽ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്റേത്. ഇനിയെങ്കിലും സഹകരിച്ചു മുന്നോട്ടുപോണം. സമരം തുടർന്നാൽ കോടതിയെ ബഹുമാനിക്കുന്നില്ലെന്ന് കരുതേണ്ടി വരും. കോടതി നിർദ്ദേശം വന്നാൽ പ്രതിപക്ഷത്തിന്റെ സമരപ്പന്തൽ പൊളിക്കുന്നതടക്കം ആലോചിക്കുമെന്നും, സമരത്തോട് പ്രകോപനപരമായ സമീപനം സ്വീകരിക്കില്ലെന്നും മേയർ കൂട്ടിച്ചേർത്തു. യോഗം തടസപ്പെടുത്തിയതിനാലാണ് കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്‌തത്. കൗൺസിലിൽ പങ്കെടുക്കാതെ ഒപ്പിട്ട് പോകുന്നത് ശരിയല്ല. കൗൺസിലർമാർക്കെതിരെയുള്ള നടപടിയിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
ഡി.ആർ.അനിൽ ഭീഷണിപ്പെടുത്തിയെന്ന് പരാതി
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ.അനിൽ ഭീഷണിപ്പെടുത്തിയതായി യു.ഡി.എഫ് അംഗത്തിന്റെ പരാതി. കൗൺസിലർ എസ്.സുരേഷ്‌കുമാറാണ് ഇന്നലെ തനിക്കുനേരെ അനിൽ വധഭീഷണി മുഴക്കിയെന്ന് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. കത്ത് വിവാദവും താത്കാലിക നിയമനങ്ങളുമടക്കം എല്ലാ തട്ടിപ്പുകളിലും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതാണ് ഡി.ആർ.അനിലിന്റെ ഭീഷണിക്ക് കാരണമെന്നാണ് സുരേഷ് കുമാറിന്റെ പരാതി.