thomas-k-thomas-mla

ആലപ്പുഴ: വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ എം എൽ എയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തതിന് പിന്നാലെ പരാതിക്കാരിയ്ക്കെതിരായും കേസെടുത്ത് പൊലീസ്. കുട്ടനാട് എം എൽ എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നൽകിയ എൻ സി പി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ജിഷയ്ക്കെതിരായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എം എൽ എയെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന കുറ്റത്തിനാണ് കേസ്. യോഗത്തിനെത്തിയ ഒരു സ്ത്രീ തങ്ങളെ ആക്ഷേപിക്കാൻ ശ്രമിച്ചെന്നുകാണിച്ച് എം എൽ എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

ഡിസംബർ ഒൻപതിന് ഹരിപ്പാട് പാർട്ടി യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോമസ് കെ തോമസും ഭാര്യ ഷേർലി തോമസും അധിക്ഷേപിച്ചെന്നാണ് വനിതാ നേതാവിന്റെ പരാതി. എം എൽ എയുടെ ഭാര്യയ്ക്ക് പാർട്ടി യോഗത്തിൽ എന്താ കാര്യം എന്ന് ജിഷ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് ജിഷയും ഷേർലിയും തമ്മിൽ തർക്കമുണ്ടായി. പാർട്ടി പ്രവർത്തകർ ഇടപെട്ട് പ്രശ്നം തീർത്തെങ്കിലും പിന്നീട് എം എൽ എയും ഭാര്യയും തന്നെ ജാതിപ്പേര് വിളിച്ചെന്നാണ് ജിഷയുടെ ആരോപണം.

എം എൽ എ ചുമലിൽ പിടിച്ച് തള്ളിയെന്നും ജിഷയുടെ മൊഴിയിൽ പറയുന്നു. നിന്നെ പോലുള്ള ജാതികളെ പാർട്ടിയിൽ വേണ്ടെന്നുപറഞ്ഞു. അടിക്കാൻ ഓങ്ങിയപ്പോൾ മറ്റുള്ളവർ തടയുകയായിരുന്നു. നിറത്തിന്റെ പേരിലും ഷേർലി തോമസ് അധിക്ഷേപിച്ചു. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് എം എൽ എ സംസാരിക്കുകയും ചെയ്തിരുന്നു. യോഗത്തിന് മുന്നേ തന്നെ എം എൽ എ അസഭ്യം പറഞ്ഞുവെന്നും ജിഷ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ജിഷയുടെ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് എം എൽ എയ്‌ക്കും ഭാര്യയ്‌ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.