
ന്യൂഡൽഹി: ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കീസ് ബാനു നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അനുമതി നൽകിക്കൊണ്ടുള്ള മേയിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നായിരുന്നു ബിൽക്കീസ് ബാനുവിന്റെ ആവശ്യം. ശിക്ഷാകാലാവധി പൂർത്തിയാകും മുമ്പ് ഗുജറാത്ത് സർക്കാർ പതിനൊന്ന് പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്തിരുന്നത്.
ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതുമുൾപ്പെടെയുള്ള കേസുകളിലാണ് മോചിപ്പിച്ച പതിനൊന്ന് പ്രതികൾ ശിക്ഷയനുഭവിച്ചിരുന്നത്.
2008ൽ മുംബയ് സിബിഐ കോടതിയാണ് കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറുപേർ ഓടി രക്ഷപ്പെടുകയുമായിരുന്നു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.