rishabh-pant

ടീം ഇന്ത്യയിലെ വിക്കറ്റ് കീപ്പ‌ർ- ബാറ്റർ ഋഷഭ് പന്തിന് അമിതവണ്ണമാണെന്ന് മുൻ പാകിസ്ഥാൻ നായകൻ സൽമാൻ ബട്ട്. ചറ്റോഗ്രാമിൽ നടക്കുന്ന ഇന്ത്യാ- ബംഗ്ളാദേശ് ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിലെ പന്തിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു ബട്ടിന്റെ പരാമർശം. പുതിയതരം ഷോട്ടുകൾ പന്ത് പരീക്ഷിക്കാറുണ്ടെങ്കിലും ഫിറ്റായിരുന്നെങ്കിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുമായിരുന്നെന്നും ബട്ട് കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് ബട്ട് അഭിപ്രായം പങ്കുവച്ചത്.

'തനിക്ക് ഇഷ്ടമുള്ള രീതിയിൽ കളിക്കുകയായിരുന്നു പന്ത്. ഇതിനിടെ അദ്ദേഹം പുതിയൊരു രീതി പരീക്ഷിക്കുകയും പുറത്താകുകയും ചെയ്തു. താൻ എല്ലായ്പ്പോളും പന്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കാറുണ്ട്. അദ്ദേഹം കളിക്കുന്ന ഷോട്ടുകളും അദ്ദേഹത്തിന്റേതായ പുതിയ പരീക്ഷണങ്ങളും നടപ്പിലാക്കാൻ കൂടുതൽ ഫിറ്റ് ആയിരുന്നെങ്കിൽ എളുപ്പത്തിൽ സാധിക്കുമായിരുന്നു. തീർച്ചയായും പന്തിന് അമിതവണ്ണമാണ്. ചടുലമല്ല പ്രകടനം. ഫിറ്റ്‌നെസിന്റെ കാര്യത്തിൽ അദ്ദേഹം വളരെ താഴ്‌ന്ന നിലയിലാണ്'- ബട്ട് പറഞ്ഞു.

ബംഗ്ളാദേശിനെതിരായുള്ള മത്സരത്തിൽ ഇന്ത്യ 404 റൺസ് എടുത്തതിൽ പന്ത് നിർണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹം ക്രീസിലെത്തുമ്പോൾ 48 റൺസ് മാത്രമായിരുന്നു ഇന്ത്യ നേടിയത്. മൂന്നുപേർ പുറത്താവുകയും ചെയ്തിരുന്നു. ബംഗ്ളാദേശിനെതിരായുള്ള മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ 46 ബോളിൽ 45 റൺസാണ് പന്ത് നേടിയത്.