
ലക്നൗ: വിവാഹദിനത്തിൽ വരൻ വേദിയിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്. ഇതുകണ്ട വധു ബന്ധുക്കളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും മുന്നിൽവച്ച് തനിക്ക് വിവാഹം വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം.
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. എന്നാൽ ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പ് മദ്യപിച്ച് ലക്കുകെട്ട് വരൻ കതിർമണ്ഡപത്തിലെത്തുകയായിരുന്നു. യുവാവ് നടന്നുവരുന്നതുകണ്ടപ്പോൾ തന്നെ മദ്യപിച്ചിട്ടുണ്ടെന്ന് അതിഥികൾക്കെല്ലാം മനസിലായി. തുടർന്ന് വധു വിവാഹം വേണ്ടെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അവരും ഇതേ നിലപാടെടുത്തതോടെ വിവാഹം മുടങ്ങി.
സ്വന്തം വിവാഹം നടക്കുന്ന സമയത്ത് പോലും മദ്യമില്ലാതെ പറ്റാത്ത ഒരാളെ എങ്ങനെയാണ് വിവാഹം കഴിക്കുകയെന്ന് വധു ചോദിച്ചു. പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. അതേസമയം, പ്രശ്നം പരിഹരിച്ചതായി പൊലീസ് അറിയിച്ചു. മദ്ധ്യപ്രദേശിൽ കഴിഞ്ഞ മേയിൽ സമാനരീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു.