
ന്യൂഡൽഹി: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ രണ്ടുവയസുള്ള മകനെ മൂന്നാം നിലയിൽ നിന്ന് പിതാവ് താഴേക്കെറിഞ്ഞു. പിന്നാലെ പിതാവും എടുത്തുചാടി. ഡൽഹി കൽക്കാജിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കുഞ്ഞിനെയും പിതാവ് മാൻ സിംഗിനെയും ഗുരുതര പരിക്കുകളോടെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബ വഴക്കിനെത്തുടർന്ന് മാൻ സിംഗും ഭാര്യ പൂജയും മാസങ്ങളായി വേർപിരിഞ്ഞുകഴിയുകയായിരുന്നു. രണ്ട് മക്കളോടൊപ്പം കൽക്കാജിയിലെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു പൂജയുടെ താമസം. ഇന്നലെ ഭാര്യയെയും മക്കളെയും കാണുന്നതിനായി മാൻ സിംഗ് കൽക്കാജിയിലെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ ഭാര്യയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് മകനെയുമെടുത്ത് ബാൽക്കണിയിലെത്തി 21 അടി താഴ്ചയിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ശേഷം ഇയാളും ചാടി.
മാൻ സിംഗ് മദ്യത്തിനടിമയായിരുന്നെന്ന് പൂജയുടെ മുത്തശ്ശി പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.