
വിജയവാഡ: വിവാഹമോചനത്തിനായി ഭർത്താവ് എച്ച് ഐ വി അണുബാധയുള്ള രക്തം കുത്തിവെച്ചതായി യുവതിയുടെ പരാതി. ആന്ധ്ര പ്രദേശിലെ വിജയവാഡ തഡേപ്പള്ളി സ്വദേശിയായ യുവതിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
എച്ച് ഐ വി ബാധിതയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം ലഭിക്കാനായാണ് നാട്ടുവെെദ്യന്റെ സഹായത്തോടെ ഭർത്താവ് രക്തം കുത്തിവച്ചതെന്നാണ് ഗർഭിണിയായ യുവതിയുടെ ആരോപണം. അടുത്തിടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് യുവതി എച്ച് ഐ വി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലയാണ് നേരത്തെ ഭർത്താവ് രക്തം കുത്തിവച്ചതായി ആരോപിച്ച് യുവതി പരാതി നൽകിയത്.
വിശാഖപട്ടണം സ്വദേശിയായ 21 കാരിയുമായി ഭർത്താവിന് രഹസ്യബന്ധമുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഇതേത്തുടർന്ന് വിവാഹമോചനത്തിനായി ഭർത്താവ് നിരന്തരം സമ്മർദം ചെലുത്തിയെന്നും ഇതിനുപിന്നാലെയാണ് എച്ച് ഐ വി അണുബാധയുള്ള രക്തം കുത്തിവച്ചതെന്നും പരാതിയിൽ പറയുന്നു. ഇവർക്ക് ഒരു പെൺകുഞ്ഞുണ്ട്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ആൺകുഞ്ഞിനെ ഗർഭം ധരിക്കണമെന്നും പറഞ്ഞ് നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു.