ipo

കൊച്ചി: മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ)​ നടത്തി ഓഹരിവിപണിയിലേക്ക് ചുവടുവച്ച (ലിസ്‌റ്റിംഗ്)​ കമ്പനികളുടെ എണ്ണം കുറഞ്ഞെങ്കിലും അവയിൽ നിന്ന് നിക്ഷേപകർക്ക് ലഭിച്ചത് മികച്ച നേട്ടം. ഈവർഷം ഡിസംബർ 12 വരെയുള്ള കണക്കുപ്രകാരം ഐ.പി.ഒ നടത്തിയത് 31 കമ്പനികളാണ്; ഇവ സമാഹരിച്ച മൊത്തം തുക 58,​346 കോടി രൂപ.

2021ൽ 65 കമ്പനികൾ ചേർന്ന് 1.31 ലക്ഷം കോടി രൂപ നേടിയിരുന്നു. ഈ വർഷത്തെ ശരാശരി സമാഹരണം 1,​844 കോടി രൂപയാണ്. 2021ൽ 2,​022 കോടി രൂപയായിരുന്നു. അതേസമയം,​ ഈവർഷം ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത 31 കമ്പനികളിൽ 5 കമ്പനികൾ മാത്രമാണ് നിക്ഷേപകർക്ക് നെഗറ്റീവ് റിട്ടേൺ (ഐ.പി.ഒ വിലയേക്കാൾ കുറഞ്ഞവിലയിൽ വ്യാപാരം നടക്കുന്നു)​ നൽകിയത്. കീ സ്‌റ്റോൺ റിയൽറ്റേഴ്‌സ് കമ്പനിയുടെ നിക്ഷേപകർക്ക് ലാഭമോ നഷ്‌ടമോയില്ല. മറ്റ് 25 കമ്പനികളും നിക്ഷേപകർക്ക് മികവുറ്റ റിട്ടേൺ തന്നെ നൽകി.

ഇരട്ടിയിലേറെ മുന്നേറ്റം

ഡിസംബർ ആദ്യവാരം വരെയുള്ള കണക്കുപ്രകാരം നടപ്പുവർഷം ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌തവയിൽ 25 കമ്പനികൾ നിക്ഷേപകർക്ക് മികച്ച റിട്ടേൺ (ആദായം)​ നൽകി. ഇവയിൽ 4 കമ്പനികൾ സമ്മാനിച്ചത് നേട്ടം 100 ശതമാനത്തിന് മേലെയാണ്; അതായത് ഇരട്ടിയിലേറെ ആദായം. 18 കമ്പനികളുടെ റിട്ടേൺ 12 മുതൽ 60 ശതമാനം വരെയാണ്.

അദാനിയാണ് താരം

(100 ശതമാനത്തിനുമേൽ കുതിച്ചവർ)​

 അദാനി വിൽമർ : 183%

 ഹരിഓം പൈപ്പ് ഇൻഡസ്‌ട്രീസ് : 137%

 വീനസ് പൈപ്പ്സ് ആൻഡ് ട്യൂബ്സ് : 121%

 വെരാന്ത ലേണിംഗ് സൊല്യൂഷൻസ് : 100%

കിതച്ചവർ

(നടപ്പുവർഷം നഷ്‌ടംകുറിച്ചവ)​

 എ.ജി.എസ് ട്രാൻസാക്‌റ്റ് : -58%

 എൽ.ഐ.സി : -31%

 ഡെൽഹിവെറി : -31%

 ഉമ എക്‌സ്‌പോർട്‌സ് : -30%

 ഇനോക്‌സ് ഗ്രീൻ എനർജി : -11%