
വളരെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾക്ക് താങ്ങാകുന്ന നിരവധി കുട്ടികളുണ്ട്. അച്ഛനും അമ്മയ്ക്കും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും അവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൊച്ചുപെൺകുട്ടി സാന്താക്ലോസിനെഴുതിയ കത്ത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വളരെ ചെറുപ്രായത്തിൽ തന്നെ രക്ഷിതാക്കളുടെ കഷ്ടപ്പാടുകൾ മനസിലാക്കിയ പെൺകുട്ടിയെ നിരവധി പേരാണ് അഭിനന്ദിച്ചത്.
കണ്ണുകാണാത്ത മാതാപിതാക്കളെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബയിലെ സ്ട്രീറ്റ് ഫുഡ്സ്റ്റാളിൽ നിന്നുള്ളതാണ് വീഡിയോ. അന്ധരായ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടി, അവർക്ക് ഭക്ഷണം എടുത്തുകൊടുക്കുകയാണ്.
ഭക്ഷണം കഴിച്ച് കഴിഞ്ഞശേഷം മാതാപിതാക്കളുടെ കൈ പിടിച്ച് പെൺകുട്ടി നടന്നുപോകുന്നതും വീഡിയോയിലുണ്ട്. മിത്ത് മുംബയ്ക്കർ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നാല് മില്യണിലധികം പേരാണ് ദിവസങ്ങൾക്കുള്ളിൽ വീഡിയോ കണ്ടത്. ഒരു മില്യണിലധികം പേർ ലൈക്ക് ചെയ്യുകയും ചെയ്തു.