pinarayi-vijayan

കോഴിക്കോട്: നാടിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിനാലൂർ കെ.എസ്.ഐ.ഡി.സി ഇൻഡസ്ട്രിയൽ പാർക്കിൽ ആരംഭിച്ച ക്രേസ് ബിസ്‌ക്കറ്റ്സ് ഫുഡ്‌ ഫാക്ടറി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമുള്ള ജനത, മെച്ചപ്പെട്ട കൂലി, ഉന്നത വിദ്യാഭ്യാസം ലഭിച്ച മനുഷ്യ വിഭവശേഷി തുടങ്ങി ഏത് ഘടകം പരിശോധിച്ചാലും രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ കൃത്യമായ ദിശാ ബോധത്തോടെയാണ് സംസ്ഥാനം നടപ്പിലാക്കി വരുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കൂടുതൽ മുന്നേറ്റം നടത്താനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയിൽ ഒരുങ്ങിയ ക്രേസ് ബിസ്‌ക്കറ്റ്സ് കേരളത്തിലെ ഏറ്റവും വലിയ ഫുഡ്‌ ഫാക്ടറിയാണ്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പ്രത്യക്ഷമായി അഞ്ഞൂറിലധികം പേർക്കും പരോക്ഷമായി ആയിരത്തിലധികം പേർക്കും സ്ഥാപനം തൊഴിൽ നൽകുന്നു.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. 1,06,380 സംരംഭങ്ങൾ പുതുതായി കേരളത്തിൽ രജിസ്റ്റർ ചെയ്തെന്നും 6,524 കോടിയുടെ നിക്ഷേപവും 2,30,847 തൊഴിലവസരവും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടന്നും മന്ത്രി പറഞ്ഞു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.

എം.കെ രാഘവൻ എം.പി, കെ.എം സച്ചിൻ ദേവ് എം.എൽ. എ, വ്യവസായ-വിദ്യാഭ്യാസ - റവന്യൂ ( വഖഫ് ) പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ക്രേസ് ബിസ്‌ക്കറ്റ്സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി സ്വാഗതവും ഡയറക്ടർ അലി സിയാൻ നന്ദിയും പറഞ്ഞു.