
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൗൺസിൽ യോഗത്തിനിടെ പ്രതിഷേധിച്ച യു ഡി എഫ് കൗൺസിലർമാർക്ക് സസ്‌പെൻഷൻ. തട്ടിപ്പുസംബന്ധിച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബി ജെ പിയും അടിന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയർ ബീന ഫിലിപ്പ് തള്ളിയിരുന്നു. ഇതിന് ശേഷവും പ്രതിഷേധം തുടർന്ന പതിനഞ്ച് കൗൺസിലർമാരെയാണ് സസ്‌പെൻഡ് ചെയ്തത്. കൗൺസിൽ പ്രതിപക്ഷ നേതാവ് ശോഭിത കെ സിയും ഇവരിൽ ഉൾപ്പെടുന്നു.
കോർപ്പറേഷൻ കൗൺസിൽ യോഗം ആരംഭിച്ചതിന് പിന്നാലെ കോൺഗ്രസ് അംഗം മൊയ്‌തീൻ കോയ, ബി ജെ പി അംഗം റിനീഷ് എന്നിവരാണ് അടിയന്തര യോഗത്തിനുള്ള അനുമതി തേടി നോട്ടീസ് നൽകിയത്. എന്നാൽ അക്കൗണ്ട് തട്ടിപ്പിലൂടെ കോർപ്പറേഷന് നഷ്ടമായ പണം ബാങ്കിൽ നിന്ന് തിരികെ ലഭിച്ചെന്നും ഇനി പലിശ തുക മാത്രമാണ് ലഭിക്കാനുള്ളതെന്നും മേയർ പറഞ്ഞു. ഈ തുക തരാൻ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിട്ടുണ്ടെന്നും പലിശ നൽകാമെന്ന് ബാങ്ക് ഉറപ്പുനൽകിയെന്നും മേയർ വ്യക്തമാക്കി.
വിശദീകരണം നൽകിയതിന് പിന്നാലെ പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെന്ന് വ്യക്തമാക്കി മേയർ അനുമതി നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ കൗൺസിൽ നടപടികൾ മേയർ കുറച്ചുസമയത്തേയ്ക്ക് നിർത്തിവച്ചു. എന്നാൽ തിരിച്ചെത്തിയപ്പോഴും പ്രതിപക്ഷം മുദ്രാവാക്യം തുടർന്നതോടെയാണ് കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തത്. തുടർന്ന് നിശ്ചയിച്ചിരുന്ന അജണ്ട പാസാക്കി കൗൺസിൽ പിരിയുകയായിരുന്നു. ഇതേത്തുടർന്ന് യു ഡി എഫ് അംഗങ്ങൾ കൗൺസിൽ ഹാളിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബി ജെ പി അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയുമായിരുന്നു.