attack

തൃശൂർ: തിരക്കേറിയ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ മദ്യപസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആലപ്പുഴ സ്വദേശി ഹരിയാണ് ഇവരെ ആക്രമിച്ചത്. ഫ്ലക്സ് മുറിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. നടത്തറ സ്വദേശി നിതിൻ, ഒളരി സ്വദേശി മുരളി, പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം.

സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിന്റെ കെെത്തണ്ടയിലും മുറിവുണ്ട്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ആക്രമണം നടത്തിയ ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.