migrant-workers

കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ. 2.05 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി സുൽത്താൻ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ വാണിജ്യ വ്യവസായ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ കേന്ദ്രീകരിച്ച്, കഞ്ചാവും, മറ്റു ലഹരി വസ്തുക്കളും മൊത്തവില്പന നടത്തിവന്നിരുന്നയാളാണ് പിടിയിലായ സുൽത്താൻ. പെരുമ്പാവൂർ റേഞ്ച് ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്.

കൂടാതെ, തിരുവനന്തപുരം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു ബി എല്ലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരിയിൽ നിന്ന് MDMA പിടികൂടി യുവാവിനെ അറസ്റ്റ് ചെയ്തു. 2.233 ഗ്രാം MDMAയുമായി അക്ഷയ് മോഹൻ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രദേശത്തു MDMA വില്പന നടത്താറുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയിഡ്.

നെയ്യാറ്റിൻകര സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ മോനിരാജേഷും സംഘവും ചേർന്ന് കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അൻപത് ഗ്രാം കഞ്ചാവുമായി സുമൻ ദാസ്, സുമൻ ചന്ദ്ര ദാസ് എന്നിവരെയാണ് ആദ്യം പിടികൂടിയത്. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ഇവർ താമസിക്കുന്ന മുറിയിൽ കൂടുതൽ കഞ്ചാവ് ഉണ്ടെന്ന് മനസ്സിലായത്. തുടർന്ന് മുറി പരിശോധിച്ച് 3.1 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവരുടെ കൂട്ടാളി ബിഷുദാസിനെയും അവിടെ നിന്ന് അറസ്റ്റ് ചെയ്തു.

ആലുവയിൽ MES ജംഗ്‌ഷനിൽ വച്ച് 2.8 കിലോഗ്രാം കഞ്ചാവ് ആസാം സ്വദേശിയിൽ നിന്നും പിടികൂടി. അബു ഹനിഫ് (27 വയസ്സ് ) എന്നയാളെയാണ് എറണാകുളം സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജീവ് കുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.

വാഹന പരിശോധനയിൽ ചെങ്ങന്നൂർ കുറ്റിക്കാട്പടി ജംഗ്ഷനിൽ വച്ച് ആൾട്ടോ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തിരുവല്ല ഇരവിപേരൂർ സ്വദേശി അരുൺകുമാറിനെയാണ് ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യുവും സംഘവും ചേർന്ന് പിടികൂടിയത്. അമ്പതിനായിരം രൂപയോളം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ വണ്ടിയിൽ ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടി സാധനങ്ങളും, വാഹനവും ചെങ്ങന്നൂർ പോലീസിന് കൈമാറി.