pepper

കൊച്ചി: അഡ്വർടൈസിംഗ് രംഗത്തെ പ്രശസ്തമായ പെപ്പർ ക്രിയേറ്റീവ് അവാർഡുകളുടെ വിതരണം എറണാകുളം ഹോട്ടൽ ക്രൗൺ പ്ളാസയിൽ നടന്നു. മാഡിസൺ ബി.എം.ബി സി.ഇ.ഒയും സി.സി.ഒയുമായ രാജ് നായർ ഉദ്ഘാടനം ചെയ്‌തു. അഡ്വർടൈസർ ഒഫ് ദി ഇയർ പുരസ്‌കാരം മാതൃഭൂമി ക്ളബ്ബ് എഫ്.എം നേടി.

തിരുവനന്തപുരം ആസ്ഥാനമായ പ്ളെയിൻ സ്പീക്ക് കേരളത്തിലെ മികച്ച ഏജൻസിക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി. ബെസ്‌റ്റ് ഒഫ് തമിഴ്നാട് പുരസ്‌കാരം ചെന്നൈ ആസ്ഥാനമായ ഒ.പി.എൻ അ‌ഡ്വർടൈസിംഗും ബെസ്‌റ്റ് ഒഫ് കർണാടക പുരസ്കാരം ബംഗളൂരു ആസ്ഥാനമായ നിർവാണ ഫിലിംസും നേടി. ക്രിയേറ്റീവ് എക്‌സലൻസിന് വി-ഗാർഡിന്റെ പ്രത്യേക അവാർഡും നിർവാണ കരസ്ഥമാക്കി.

മേഖലാടിസ്ഥാനത്തിലെ ഏജൻസി ഒഫ് ദി ഇയർ,​ അഡ്വർടൈസർ ഒഫ് ദി ഇയർ എന്നിവയ്ക്ക് പുറമേ 18 സ്വർണം,​ 38 വെള്ളി,​ 44 വെങ്കലം തുടങ്ങി 29 ഫൈനലിസ്‌റ്റുകളും ഉൾപ്പെടുന്നതായിരുന്നു ഇത്തവണ നടന്ന 16-ാമത് പെപ്പർ അവാർഡ്.

പെപ്പർ ട്രസ്റ്റും സേക്രഡ് ഹാർട്ട്‌സ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനും സംയുക്തമായി ഒരുക്കിയ ക്വെസ്റ്റ് ഫോർ ബെസ്റ്റ് ഗ്രാഫിക് ഡിസൈനേഴ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ഒഗിൽവി സൗത്ത് ഗ്രൂപ്പ് ക്രിയേറ്റിവ് ഡയറക്ടർ ജോർജ് കോവൂർ, പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ട്രസ്റ്റിമാരായ ലക്ഷ്മൺ വർമ്മ, ആർ.മാധവമേനോൻ, പി.കെ.നടേഷ്, ഡോ.ടി.വിനയകുമാർ, യു.എസ്.കുട്ടി, വി.രാജീവ്‌ മേനോൻ, ജി.ശ്രീനാഥ്, സന്ദീപ് നായർ, അനിൽ ജെയിംസ്, എം.ചിത്രപ്രകാശ്,​ വർഗീസ് ചാണ്ടി, ബി.കെ.ഉണ്ണികൃഷ്ണൻ, സ്കന്ദരാജ് തുടങ്ങിയവർ പങ്കെടുത്തു.