woman

ചണ്ഡിഗഡ്: ഭർത്താവിന് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മുപ്പതുകാരിയുടെ വൃക്ക തട്ടിയെടുത്തതായി പരാതി. ഹരിയാനയിലെ ബല്ലാബ്ഗഡ് സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. രണ്ട് വർഷം മുമ്പാണ് വൃക്ക ആവശ്യമുണ്ടെന്ന പരസ്യം യുവതി കണ്ടത്.

താൻ വൃക്ക നൽകാൻ തയ്യാറാണെന്ന് പരസ്യത്തിൽ കണ്ട നമ്പരിൽ വിളിച്ചറിയിച്ചു. പിന്നീട് അവയവദാനത്തിൽ നിന്ന് യുവതി പിന്മാറി. എന്നാൽ യുവതിയെ പല തവണ അവർ വിളിച്ചു. വൃക്ക നൽകിയാൽ ഭർത്താവിന് സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞതോടെയാണ് യുവതി സമ്മതിച്ചത്.


കഴിഞ്ഞ ഓഗസ്റ്റിൽ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിൽവച്ച് ശസ്ത്രക്രിയ കഴിഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിന് സർക്കാർ ജോലി ലഭിക്കാതായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്. സമാനരീതിയിൽ മറ്റാരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അവയവ മാഫിയയ്ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.