
വാഹനപ്രേമികളുടെ പ്രിയ ബ്രാൻഡായ മാരുതി സുസുക്കി മാറ്റങ്ങളോടെ പുതിയ സ്വിഫ്‌റ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹാച്ച് ബാക്ക് മാതൃകയിൽ ന്യൂ ജനറേഷൻ സ്വിഫ്‌റ്റിന്റെ പരീക്ഷണമാണ് നടക്കുന്നതെന്നാണ് വിവരം. പുതിയ മോഡലുകൾ അടുത്തവർഷം പകുതിയോടെ വിപണിയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 2024ൽ എത്താനാണ് സാദ്ധ്യത.
കാറിന്റെ അകത്തും പുറത്തുമായിരിക്കും കാര്യമായ മാറ്റങ്ങൾ ഉണ്ടാവുക. പരിഷ്‌കരിച്ച ഹാർട്ട്‌ടെക്‌റ്റ് പ്ളാറ്റ്‌ഫോമിനൊപ്പമായിരിക്കും പുതിയ സ്വിഫ്‌റ്റ് എത്തുന്നത്. 'യെഡ്' എന്ന കോഡില്‍ എത്തുന്ന 2024 മോഡൽ മാരുതി സ്വിഫ്റ്റില്‍ പുതിയ 1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉണ്ടാകും. ഇവയില്‍ ടൊയോട്ടോയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉപയോഗിക്കാൻ സാദ്ധ്യതയുണ്ട്.
ഹാച്ച്ബാക്കിന്റെ പുതിയ മോഡലിന് ഏകദേശം 35-40 കി/ലിറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്‌വ്യവസ്ഥയായ സി എ എഫ് ഇ മാനദണ്ഡങ്ങളും പാലിക്കും. 1.2ലി ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുള്ള നിലവിലെ സ്വിഫ്‌റ്റ് കാറുകൾ 23.76 കി/ലി മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ മാരുതി സ്വിഫ്റ്റിൽ പെട്രോൾ യൂണിറ്റും സി എൻ ജി ഇന്ധന ഓപ്ഷനും ഉണ്ടാകും.
ഇവ കൂടുതൽ സ്‌പോർട്ടിയർ ആയിരിക്കും. മുൻവശത്തായി ഹാച്ച്ബാക്കിൽ പുതുതായി രൂപകൽപ്പന ചെയ്‍ത ഗ്രില്ലും പുതിയ എൽ ഇ ഡി ഹെഡ്‌ലാമ്പുകളും ഉണ്ടായിരിക്കും. നവീകരിച്ച ഫ്രണ്ട് ബമ്പർ, ബ്ലാക്ക്‌ഡ്-ഔട്ട് തൂണുകൾ, വീൽ ആർച്ചുകളിലെ ഫോക്സ് എയർ വെന്റുകൾ, പുത്തൻ ബോഡി പാനലുകൾ, റൂഫ് മൗണ്ടഡ് സ്‌പോയിലർ എന്നിവയും പുതിയ വാഹനത്തിൽ ഉൾപ്പെടും.
സ്മാര്‍ട്ട് പ്ലേ പ്രൊ പ്ലസ് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ പുതിയ യൂണിറ്റിലുണ്ടാവും. ഇതിൽ സുസുക്കി വോയ്‌സ് അസിസ്റ്റും ഓവർ-ദി-എയർ അപ്‌ഡേറ്റുകളും ലഭിക്കുമെന്നും കമ്പനി വാഗ്ദ്ധാനം ചെയ്യുന്നു. അതേസമയം, പുതുതായി എത്തുന്ന സ്വിഫറ്റ് കാറുകൾക്ക് നിലവിലുള്ളവയേക്കാൾ വില കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.