
ന്യൂയോർക്ക് : വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററിൽ നിന്ന് സസ്പെൻഡ് ചെയ്ത മാദ്ധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ച് ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക്. ഇവരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ട്വിറ്ററിൽ നടത്തിയ അഭിപ്രായ സർവേയ്ക്ക് പിന്നാലെയാണ് തീരുമാനം. സർവേയിൽ 59 ശതമാനം പേർ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, മാഷബിൾ, വോയ്‌സ് ഒഫ് അമേരിക്ക തുടങ്ങിയവയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളാണ് ട്വിറ്ററിന്റെ ഡോക്സിംഗ് റൂൾ ലംഘിച്ചെന്ന് കാട്ടി സസ്പെൻഡ് ചെയ്യപ്പെട്ടത്. വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ ട്വിറ്ററിൽ ഏർപ്പെടുത്തിയ ഡോക്സിംഗ് റൂൾ മാദ്ധ്യമ പ്രവർത്തകർക്കും ബാധകമാണെന്നായിരുന്നു അക്കൗണ്ടുകളുടെ സസ്പെൻഷന് പിന്നാലെ മസ്കിന്റെ മറുപടി. മസ്‌കിനെ പറ്റി റിപ്പോർട്ടുകൾ ഇവർ പുറത്തുവിട്ടിരുന്നു. തന്റെ വിമാന യാത്രാവിവരങ്ങൾ ഇവർ പരസ്യപ്പെടുത്തിയെന്നാണ് മസ്കിന്റെ ആരോപണം. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുന്നേ മസ്കിന്റെ യാത്രാവിവരങ്ങൾ പരസ്യമാക്കിയ ഒരു സ്വകാര്യ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തെ പറ്റി തങ്ങൾ വാർത്ത നൽകിയെന്നും എന്നാൽ മസ്കിന്റെ യാത്രാവിവരങ്ങളോ അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റിയോ ഉള്ള വിവരങ്ങളൊന്നും തങ്ങൾ പങ്കുവച്ചില്ലെന്നാണ് വിലക്ക് നേരിട്ട മാദ്ധ്യമപ്രവർത്തകർ പറയുന്നത്. മാദ്ധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സംഘടനയും മസ്കിന്റെ നടപടിയെ അപലപിച്ചിരുന്നു.