ഇന്ത്യയും ചൈനയും തമ്മിൽ നല്ല ബന്ധത്തിൽ അല്ല. അത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ദോക്ലാമിലും ലഡാക്കിലും കൊവിഡിന്റെ മൂർദ്ധന്യ ദശയിൽ ഉണ്ടായ അതിർത്തി സംഘർഷം ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഏതു കടന്നു കയറ്റവും തടയാൻ ഇന്ത്യ സർവ സജ്ജമായി നിലകൊള്ളുക ആണ്. 1962 അല്ല 2022. ചൈന കണ്ണുരുട്ടിയാൽ പേടിക്കുന്ന കാലം കഴിഞ്ഞു പോയി. ചൈനയ്ക്ക് ഇന്ത്യയുടെ വളർച്ചയിൽ ആശങ്കയുണ്ട്. ഏഷ്യയിലെ എന്നതിനപ്പുറം ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറി അമേരിക്കയ്ക്കും മുമ്പിലെത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യം. അതിലേക്കുള്ള പ്രയാണത്തിൽ ആയിരുന്നു ചൈന. അപ്രതീക്ഷിതമായി പ്രകൃതിയെന്ന ശക്തിയുടെ ഒരു തിരിച്ചടി ചൈനയുടെ കടിഞ്ഞാൺ പൊട്ടിച്ചുള്ള പ്രയാണം, പിടിച്ചു നിർത്തിയതു പോലെ തടഞ്ഞു. കൊവിഡ് എന്ന മഹാമാരിയുടെ രൂപത്തിൽ ആയിരുന്നു ആ തിരിച്ചടി. മഹാമാരി ഉദ്ഭവിച്ചത് ചൈനയിലെ ഒരു ലാബിൽ നിന്നാണെന്ന് ലോകം മുഴുവൻ വിശ്വസിക്കുമ്പോഴും ചൈന സമ്മതിച്ചിട്ടില്ല. കൊവിഡിന്റെ മൂന്നാം വരവാണ് ചൈനയെ ഏറ്റവും പിടിച്ചുലച്ചത്. കർശന നിയന്ത്രണങ്ങൾക്ക് എതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങിയതായി വാർത്തകൾ വന്നിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന് എതിരെയും വെല്ലുവിളികൾ ഉയരുന്നതായി പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നിന്നും ചൈനയ്ക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കണം ആയിരുന്നു- അതിന് തിരഞ്ഞെടുത്ത വഴി തന്നെ ആവണം, അരുണാചലിലെ തവാങിൽ ഇക്കഴിഞ്ഞ 9ന് നടത്തിയ അതിർത്തി കടന്നുള്ള ആക്രമണം. ഈ നീക്കത്തിന് നല്ല ചുട്ട ഭാഷയിൽ ഉശിരൻ മറുപടി ആണ് ഇന്ത്യ നൽകിയത്. രാജ്യം നേരിടുന്ന വിഷയങ്ങളിൽ നിർണ്ണായക തീരുമാനം എടുക്കാനുള്ള രക്ഷാ സമിതി യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞ ഓരോ വാക്കുകളും ഇന്ന് അന്താരാഷ്ട്ര തലത്തിലെ മുഖ്യ ചർച്ചാ വിഷയങ്ങൾ ആണ്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളാണ്.

pak