gr-anil

കൊച്ചി: സംസ്ഥാനത്തെ റേഷൻ സാധനങ്ങൾ സൂക്ഷിച്ചു വരുന്ന ഗോഡൗണുകൾ എല്ലാം ശാസ്ത്രീയമായി നവീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. കൊച്ചി താലൂക്ക് സപ്ലൈ ഓഫീസ്, കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് എന്നിവ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉത്ഘാടന കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 83 റേഷനിംഗ്, താലൂക്കുകൾക്കും ഉചിതമായ സ്ഥലം കണ്ടെത്തി മാനദണ്ഡങ്ങൾ പാലിച്ച് ശാസ്ത്രീയ ഗോഡൗൺ നിർമ്മിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പതിനഞ്ചോളം താലൂക്കുകളിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സർക്കാറിന് സ്ഥലം കണ്ടെത്താൻ കഴിയാത്ത സ്ഥലത്ത് ബി.ഒ.റ്റി അടിസ്ഥാനത്തിൽ ഗോഡൗൺ നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കും. എല്ലാ ഗോഡൗണുകളിലും സി.സി.റ്റി.വി സംവിധാനം, പൊതുവിതരണത്തിൽ ഏർപ്പെടുന്ന മുഴുവൻ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ 2023 ഡിസംബറോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി അറിയിച്ചു.


2026 ഓടുകൂടി സംസ്ഥാനത്തെ മുഴുവൻ സപ്ലൈ ഓഫീസുകളുടെയും പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ഉദ്ദേശിക്കുന്നത്. സപ്ലൈ ഓഫീസിനോട് ചേർന്ന് ഗോഡൗണുകളും സജ്ജമാക്കണമെന്നാണ് വകുപ്പ് ലക്ഷ്യമിടുന്നത്. അതോടെ റേഷൻ വിതരണത്തിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതിന് സാധിക്കും.

സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓഫീസുകൾ ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറിയതോടെ പൊതു ജനങ്ങൾ സപ്ലൈ ഓഫീസിൽ കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാകുകയും അക്ഷയ കേന്ദ്രങ്ങളിലൂടെയും വീടുകളിൽ ഇരുന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള സാഹചര്യം സംജാതമായെന്നും അദ്ദേഹം പറഞ്ഞു.


റേഷൻ കാർഡുമായി ബന്ധപ്പെട്ട് 45,79,155 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. ഇവയിൽ 45,51,635 അപേക്ഷകളും തീർപ്പാക്കിയിട്ടുണ്ട്. ഇത് സർവ്വകാല റിക്കോർഡാണ്. 1.83 കോടി രൂപ ചെലവഴിച്ചാണ് കൊച്ചി താലൂക്ക് സപ്ലൈ ഓഫീസും, സിറ്റി റേഷനിംഗ് ഓഫീസും പണി കഴിപ്പിച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള ഒകഠഋടഎന്ന കമ്പനിക്കാണ് കോൺട്രാക്ട് നൽകിയിരുന്നതും നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തീകരിച്ചതും. കൊച്ചി എം.എൽ.എ കെ. ജെ. മാക്സി അദ്ധൃക്ഷത വഹിച്ചു. തൃപ്പൂണിത്തുറ എം.എൽ.എ കെ. ബാബു, വൈപ്പിൻ എം.എൽ.എ കെ. എൻ. ഉണ്ണികൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡി. സജിത് ബാബു ഐ എ എസ് സ്വാഗതവും എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ ശ്രീമതി റ്റി. ജയശ്രീ കൃതജ്ഞതയും രേഖപ്പെടുത്തി.