
കൊച്ചി: ജനുവരി മുതൽ കാറുകൾക്ക് വിലകൂട്ടാൻ ഒട്ടുമിക്ക വാഹനനിർമ്മാതാക്കളും തീരുമാനിച്ചുകഴിഞ്ഞു. പുതിയ വർഷത്തിൽ പുത്തൻകാർ സ്വന്തമാക്കാൻ കാത്തിരുന്നവർ ഇപ്പോൾ ബുക്ക് ചെയ്യുന്നതാവും ഉചിതം. പുതുവർഷപ്പിറവി മുതൽ കാത്തിരിക്കുന്നത് വലിയ വിലവർദ്ധനയാണ്.
നാണയപ്പെരുപ്പം (വിലക്കയറ്റം), ഉയർന്ന പലിശഭാരം, കൂടിയ ഇന്ധനവില, സാമ്പത്തികഞെരുക്കം തുടങ്ങിയ വെല്ലുവിളികൾക്കിടെ ഇഷ്ടപ്പെട്ട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വാഹനത്തിന്റെ വിലയും ഉയർന്നുനിൽക്കുന്നത് ഉപഭോക്താവിന് തിരിച്ചടിയാകും.
അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധന, പുതിയ എമിഷൻ ചട്ടങ്ങൾ (ആർ.ഡി.ഇ), ആറ് എയർബാഗ് ഉൾപ്പെടെ കർശനമാക്കി ഉടൻ പ്രാബല്യത്തിൽ വരുന്ന പുതിയ സുരക്ഷാ നിബന്ധനകൾ എന്നിവമൂലം ഉത്പാദനച്ചെലവേറിയ പശ്ചാത്തലത്തിലാണ് വാഹനവില കൂട്ടാൻ നിർബന്ധിതരായതെന്ന് നിർമ്മാതാക്കൾ പറയുന്നു.
മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, കിയ, ഹ്യുണ്ടായ്, സിട്രോൺ, ജീപ്പ്, ഔഡി, മെഴ്സിഡെസ്-ബെൻസ് തുടങ്ങിയവയെല്ലാം 2023 ജനുവരി ഒന്നുമുതൽ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.