rahul-gandhi

ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട പരാമർശത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുന്ന മുൻ പാർട്ടി അദ്ധ്യക്ഷനെ പുറത്താക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. തവാങിലെ കടന്നുക്കയറ്റ ശ്രമത്തിനിടയിൽ ചൈനീസ് സേന ഇന്ത്യൻ സൈനികരെ തല്ലിക്കൊല്ലുകയാണ് എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെച്ചൊല്ലിയായിരുന്നു ബിജെപിയുടെ പ്രതികരണം.

കോൺഗ്രസ് അദ്ധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ റിമോട്ടിന്റെ നിയന്ത്രണത്തിലല്ല പ്രവർത്തിക്കുന്നതല്ലെങ്കിൽ, കൂടാതെ നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷം രാജ്യത്തിനോടൊപ്പമാണ് നിലകൊള്ളുന്നതെങ്കിൽ രാഹുൽ ഗാന്ധിയെ പുറത്താക്കണമെന്നും. അദ്ദേഹത്തിന്റെ പരാമർശം ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്ന തരത്തിലുള്ളതാണെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു. രാഹുൽ ഗാന്ധി ഒരോ ഇന്ത്യക്കാരന്റെയും അഭിമാനമായ ജവാൻമാരുടെ മനോവീര്യം തകർക്കാനാണ് ശ്രമിക്കുന്നത്. 1962-ലേത് പോലല്ല ഇപ്പോൾ രാജ്യത്ത് ശക്തമായ നേതൃത്വമുണ്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ രാജ്യത്തെ ഒരിഞ്ച് ഭൂമി പോലും ആരാലും കൈയ്യേറപ്പെട്ടിട്ടില്ലെന്നും ഭാട്ടിയ കൂട്ടിച്ചേർത്തു.


ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പുരോഗമിക്കവേ ജയ്പൂരിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധി വിവാദമായ പരാമർശം നടത്തിയത്. ചൈന ഇന്ത്യയോട് യുദ്ധത്തിനായി അണിയറയിൽ ഒരുക്കം നടത്തുന്നതായും എന്നാൽ കേന്ദ്രസർക്കാർ ഈ ഭീഷണി അവഗണിക്കുകയാണെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. കഴിഞ്ഞ ദിവസം അരുണാചൽ പ്രദേശിൽ ചൈനീസ് സൈനികരുമായി നടന്ന സംഘർഷത്തെക്കുറിച്ച്, ഇന്ത്യൻ സൈനികർ തല്ലിക്കൊല്ലപ്പെടുകയാണ് എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്