vanchiyoor-court

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വനിതാ എസ് ഐയെ അഭിഭാഷകർ തടഞ്ഞുവെച്ച് അസഭ്യവർഷം നടത്തിയതായി പരാതി. വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ മനഃപൂർവ്വം സമയം താമസിപ്പിച്ചു എന്നാരോപിച്ചും ഒരു അഭിഭാഷകന്റെ കക്ഷിയെ പൊലീസ് നിരീക്ഷിച്ചു എന്നതിന്റെ പേരിലുമാണ് സംഭവം നടന്നതെന്നാണ് വിവരം. അഭിഭാഷകരുടെ അടുത്ത് നിന്നുണ്ടായ മോശം പ്രതികരണം ചൂണ്ടിക്കാട്ടി വനിതാ എസ് ഐ മജിസ്ട്രേറ്റിന് മുൻപാകെ പരാതി നൽകി. തുടർന്ന് ജോലി തടസപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമുള്ല ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അഭിഭാഷകർക്കെതിരെ കേസെടുക്കുകയിരുന്നു.

പ്രണവ് എന്ന അഭിഭാഷകന്റെ കക്ഷിയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനിടയിൽ വനിതാ എസ് ഐയെ അസഭ്യം പറയുകയും തുടർന്ന് ഇത് ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റിന് പരാതി നൽകുകയും ചെയ്തു. പിന്നാലെ അഭിഭാഷകർ കൂട്ടമായെത്തി തടഞ്ഞുവെയ്ക്കുകയും കൈയ്യേറ്റം ചെയ്തുമെന്നുമാാണ് ആരോപണം. വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായ പ്രണവിന്റെ കക്ഷിയെ ജാമ്യം ലഭിച്ചതിന് പിന്നാലെ അവിടുത്തെ പ്രിൻസിപ്പൽ എസ് ഐ നിരീക്ഷിക്കുകയുണ്ടായി. ഇതിനെ തുടർന്ന് വലിയതുറ പൊലീസ് സ്റ്റേഷനിൽ നിന്നും ശനിയാഴ്ച കോടതിയിലെത്തിയ അലീന സൈറസിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു എന്നാണ് വിവരം. പ്രണവ് അടക്കം കണ്ടാലറിയാവുന്ന ഇരുപതോളം പേരെ പ്രതിചേർത്താണ് കേസെടുത്തിട്ടുള്ളത്.