
ദോഹ: നാളെ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിനായി ഫുട്ബാൾ ആരാധകർ ഏറെ ആകാംക്ഷയോടെ മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ്. എംബാപ്പേയുടെ മികവിൽ ഫ്രാൻസ് ലോകകപ്പ് നിലനിർത്തുമെന്നും മെസിയുടെ മാന്ത്രികതയിൽ ഏറെ വർഷങ്ങൾക്ക് ശേഷം അർജന്റീന കപ്പുയർത്തുമെന്നുമെല്ലാം രണ്ട് കൂട്ടരുടെയും വിജയം പല പ്രമുഖരും മത്സരത്തിന് മുൻപ് തന്നെ പ്രവചിച്ച് കഴിഞ്ഞു. എന്നാൽ മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ അതിനെ അർജന്റീനയ്ക്ക് അനുകൂലമായ മുൻവിധിയോടെ കാണരുതെന്നാണ് ഫ്രാൻസ് നായകൻ ഹ്യൂറോ ലോറിസിന്റെ അഭിപ്രായം.
ലോകകപ്പ് ഫൈനൽ മെസി മാത്രമൊതുങ്ങുന്ന പോരാട്ടമല്ലെന്നും മത്സരത്തെ മെസിയിലേയ്ക്ക് മാത്രമായി ചുരുക്കരുതെന്നും വാർത്താ സമ്മേളനത്തിനിടയിലാണ് ഹ്യൂറോ ലോറിസ് പറഞ്ഞത്. ഫൈനലിന് മുന്നോടിയായി ഫ്രാൻസ് ക്യാംപിൽ വൈറൽ പനി പടർന്നതായുള്ള വാർത്തകൾക്ക് പിന്നാലെയായിരുന്നു ഹ്യൂറോ മാദ്ധ്യമങ്ങളെ കണ്ടത്. ഫുട്ബാളിൽ മഹത്തായ പാരമ്പര്യമുള്ള രണ്ട് ടീമുകളാണ് ഫൈനലിൽ മത്സരിക്കുന്നത്. അതിൽ മെസിയെ പോലൊരു താരം പങ്കെടുക്കുമ്പോൾ ശ്രദ്ധ അദ്ദേഹത്തിലേയ്ക്ക് തിരിയുന്നത് സ്വാഭാവികമാണ്. എന്നാൽ കളി മെസിയിലേയ്ക്ക് മാത്രമായി ചുരുക്കരുത്. അദ്ദേഹം മാത്രമല്ല ഫൈനലിൽ കളിക്കുന്നത്. അർജന്റീനയുടെ കളി തന്ത്രങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. അവർക്കെതിരെ വ്യക്തമായ ഗെയിം പ്ളാനോടെയായിരിക്കും ഫ്രാൻസ് ഇറങ്ങുക. ഹ്യൂറോ ലോറിസ് പറഞ്ഞു.
നാളെ നടക്കുന്ന മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി കപ്പ് നിലനിർത്താനാണ് ഫ്രാൻസ് ഒരുങ്ങുന്നത്. അങ്ങനെയെങ്കിൽ 1962-ലെ ബ്രസീലിന് ശേഷം കപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോഡ് നേട്ടവും ഫ്രാൻസിന് സ്വന്തമാകും. 36 വർഷങ്ങൾക്ക് ശേഷം കിരീടമുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മെസിയുടെ നേതൃത്വത്തിൽ അർജന്റീന നാളെ കളത്തിലിറങ്ങുന്നത്.