
സോൺ ലാ ( വിയറ്റ്‌നാം) : മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെടുത്ത ശേഷം വലിച്ചെറിഞ്ഞു. വടക്കുപടിഞ്ഞാറൻ വിയറ്റ്‌നാമിലെ സോൺ ലാ പ്രവിശ്യയിലായിരുന്നു സംഭവം. ഹാ തി ഗുയെൻ എന്ന യുവതിയാണ് ഭർത്താവ് എൻഗുയെൻ വാനിന്റെ ജനനേന്ദ്രിയം വൃഷ്ണം ഉൾപ്പെടെ പൂർണമായി മുറിച്ചെടുത്തത്. യുവതിയുടെ രണ്ടാം ഭർത്താവാണ് ഇയാൾ.
യുവതിയുടെ 15 കാരിയായ മകളെയാണ് ഇയാൾ നിരന്തരം പീഡിപ്പിച്ചു വന്നത്. യുവതിയുടെ ആദ്യവിവാഹത്തിലെ മകളാണ് പീഡനത്തിനിരയായത്. 2020 മുതൽ ഇയാൾ മകളെ പീഡിപ്പിച്ചിരുന്നതായാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പീഡനത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഭർത്താവ് നിരസിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ഒടുവിൽ ഭർത്താവിനെ കൈയോടെ പിടികൂടാൻ ഇവർ ഒളിക്യാമറ സ്ഥാപിച്ചു. കാമറയിൽ ഭർത്താവ് മകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ഇവർ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് എറിഞ്ഞുകളഞ്ഞതെന്ന് മൊഴിയിൽ പറയുന്നു. ജനനേന്ദ്രിയം വലിച്ചെറിഞ്ഞ ശേഷം യുവതി പൊലീസ് സ്റ്റേഷനിലെത്തി സംഭവം വെളിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവത്തക്കുറിച്ച് ആശുപത്രി അധികൃതർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ജനനേന്ദ്രിയം തുന്നിച്ചേർക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചായിരുന്നു ആശുപത്രി അധികൃതരുടെ കുറിപ്പ്. വൃഷ്ണങ്ങൾ ഉൾപ്പെടെ ലിംഗം പൂർണമായും മുറിഞ്ഞുപോയിരുന്നു, മുറിവുകൾ സങ്കീർണമായിരുന്നുവെങ്കിലും തുന്നിച്ചേർക്കാൻ കഴിയുമായിരുന്നു. എന്നാൽ മുറിച്ചെടുത്ത ലിംഗം വലിച്ചെറിയപ്പെട്ടതിനാൽ ഇത് അസാദ്ധ്യമായി. മറ്റ് ചികിത്സാ സാദ്ധ്യതകൾ ആലോചിച്ചിരുന്നുവെങ്കിലും അതൊന്നും നടന്നില്ല. പരിക്കുകൾ ഗുരുതരമായിരുന്നെങ്കിലും ഇയാൾ ഇപ്പോൾ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.