fifa-wc

ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിൽ തന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കണമെന്ന യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുടെ ആവശ്യം ഫിഫ നിരസിച്ചു. റഷ്യ-യുക്രെയിൻ സംഘർഷം തുടരുന്നതിനിടയിൽ ലോകസമാധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സന്ദേശം പ്രദർശിപ്പിക്കാനുള്ള അനുമതി തേടി സെലൻസ്കി ഫിഫ അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാൽ രാഷ്ട്രീയ നിലപാടുകളിൽ നിന്ന് അകലം പാലിക്കുന്ന ഫിഫ ആവശ്യം തള്ളുകയായിരുന്നു. യുക്രെയിൻ സർക്കാരും ഫിഫയുമായി വിഷയത്തിൽ തുടർന്നും ചർച്ച നടക്കുന്നതായാണ് വിവരം.

സ്വവർഗ ലൈംഗികത, കുടിയേറ്റം അടക്കമുള്ള പ്രശ്നങ്ങൾ ഖത്തർ ലോകകപ്പ് വേദിയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിൽ ഫിഫ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി മഴവിൽ നിറത്തിലുള്ള വൺ ലവ് ബാൻഡ്, ടീഷർട്ട് എന്നിവയ്ക്ക് ലോകകപ്പിൽ നിരോധനമുണ്ട്. എന്നിരുന്നാലും ലോകകപ്പ് ക്വാർട്ടർ വിജയത്തിന് പിന്നാലെ മൊറോക്കൻ ടീമിന് പാലസ്തീൻ പതാക പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു. കൂടാതെ റഷ്യൻ ടീമിന് നിലവിലെ ലോകകപ്പിൽ ഫിഫ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് സെലൻസ്കി തന്റെ ആവശ്യം ഫിഫയെ അറിയിക്കുകയായിരുന്നു.

ഇതിന് മുൻപ് ഇസ്രായേൽ പാർലമെന്റ്, ഗ്രാമി അവാർഡ്, കാൻ ഫെസ്റ്റിവൽ എന്നീ അന്താരാഷ്ട്ര സദസുകളിൽ സെലൻസ്കി യുദ്ധവുമായി ബന്ധപ്പെട്ട് സഹായഭ്യർത്ഥന നടത്തിയിരുന്നു. തണുപ്പുകാലം അടുക്കുന്തോറും റഷ്യയുടെ മിസൈൽ വർഷം യുക്രെയിനെ കൂടുതൽ ദുരിതത്തിലാക്കുന്നതായാണ് വിവരം. ക്രിസ്മസിന് മുന്നോടിയായി ആക്രമണം നിർത്തിവെയ്യ്ക്കാൻ യുക്രെയിൻ റഷ്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പുടിൻ സമവായ നീക്കം തള്ളുകയായിരുന്നു.