elon-musk

ന്യൂയോർക്ക്: മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിച്ച് ട്വിറ്റർ.വാഷിംഗ്ടൺ പോസ്​റ്റ്,​ ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, മാഷബിൾ, വോയ്‌സ് ഓഫ് അമേരിക്ക തുടങ്ങിയവയിൽ നിന്നുള്ള ഏതാനും മാദ്ധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മുന്നറിയിപ്പില്ലാതെ സസ്പെൻഡ് ചെയ്ത നടപടിയിൽ ട്വിറ്റർ മേധാവിയായ ഇലോൺ മസ്കിനെതിരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ തന്നെ യൂറോപ്യൻ യൂണിയൻ ട്വിറ്ററിന് വിഷയത്തിൽ ശക്തമായ താക്കീത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. ലൊക്കേഷൻ വിവരങ്ങൾ പങ്കുവെച്ചതിനാലാണ് അക്കൗണ്ടുകൾക്കെതിരെ നടപടി കൈക്കൊണ്ടത് എന്നാണ് ട്വിറ്റർ മാനേജ്മെന്റിന്റെ വിശീകരണം.

ആളുകളുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ ട്വി​റ്ററിൽ ഡോക്സിംഗ് റൂൾ ഏർപ്പെടുത്തിയിരുന്നു. ഇത് മാദ്ധ്യമ പ്രവർത്തകർക്കും ബാധകമാണെന്നായിരുന്നു അക്കൗണ്ടുകളുടെ സസ്പെൻഷൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് മസ്ക് മറുപടി നൽകിയത്. ഇത്തരം നടപടി തുടർന്നാൽ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് മസ്കിന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ട്വിറ്ററിൽ മാദ്ധ്യമ പ്രവർത്തകരെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്ത നടപടി ആശങ്കാജനകമാണെന്നും യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സേവന നിയമപ്രകാരം മാദ്ധ്യമ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും യൂറോപ്യൻ യൂണിയൻ കമ്മിഷണർ വേര ജോറോവ പറഞ്ഞു.തങ്ങളുടെ മീഡിയ ഫ്രീഡം ആക്ടിനെ പറ്റി മസ്ക് അറിഞ്ഞിരിക്കണമെന്നും ഇതിന്റെ ചുവപ്പ് വരകൾ ഭേദിച്ചാൽ ഉടൻ ഉപരോധങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു.