
ദോഹ: ഖത്തർ ലോകകപ്പിനിടയിൽ മൊറോക്കൻ ആരാധകരും ഫുട്ബാൾ ടീമും പാലസ്തീൻ പതാക വീശിയതിനെതിരെ ഫിഫയ്ക്ക് പരാതി. ബ്രിട്ടനിൽ നിന്നുള്ള ഇസ്രായേൽ അനുകൂല സംഘടനയായ യുകെ ലോയേഴ്സ് ഫോർ ഇസ്രായേലാണ് ഫിഫ അച്ചടക്കസമിതിയ്ക്ക് വിഷയത്തിൽ പരാതി നൽകിയത്. മൊറോക്കൻ ടീം ക്വാർട്ടർ ഫൈനൽ വിജയത്തിന് ശേഷം പാലസ്തീൻ പതാക വീശിയത് ഫിഫ അനുശാസിക്കുന്ന നിയമങ്ങൾക്ക് എതിരാണെന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ ആരോപണം.
സംഭവത്തിലെ അച്ചടക്ക ലംഘനം ഉടനെ തന്നെ അന്വേഷിക്കണമെന്ന് ഫിഫയുടെ അച്ചടക്ക സമിതി അധ്യക്ഷൻ ജോർജ്ജ് പലാസിയോയ്ക്ക് സംഘടന കത്തെഴുതിയിട്ടുണ്ട്. സ്പോർട്സ് പരിപാടിയെ സ്പോർട്സുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുന്ന ഫിഫ ഡിസിപ്ളിനറി കോഡിലെ
ആർട്ടിക്കിൾ 11.2 മൊറോക്കൻ ടീം ലംഘിച്ചതായാണ് കത്തിൽ പറയുന്നത്. ഖത്തർ ലോകകപ്പിലുടനീളം മൊറോക്ക അടക്കമുള്ള രാജ്യങ്ങൾ പാലസ്തീൻ പതാക കൈയിൽ കരുതുന്നത് പതിവായിരുന്നു. ടൂർണമെന്റിൽ പങ്കെടുത്ത ആഫ്രിക്കൻ, അറബ് രാജ്യങ്ങൾ അവരുടെ ദേശീയ പതാകയോടൊപ്പം പാലസ്തീൻ പതാകയും ഉയർത്തിയിരുന്നു.