
കാസർകോട് : പാർട്ടി വിട്ടതിന് പിന്നാലെ പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകരുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സി.കെ.ശ്രീധരനെതിരെ ശക്തമായി പ്രതിഷേധിച്ച് കോൺഗ്രസും കൊല്ലപ്പെട്ടവരുടെ കുടുംബവും. ഫെബ്രുവരി രണ്ടിന് കൊച്ചി സി.ബി.ഐ കോടതിയിൽ നടക്കുന്ന കേസിലെ വിചാരണയിൽ ഒമ്പത് പ്രതികൾക്ക് വേണ്ടി ഹാജരാകുന്നതിനാണ് കഴിഞ്ഞ ദിവസം സി കെ ശ്രീധരൻ വക്കാലത്ത് ഏറ്റെടുത്തത്.
അഭിഭാഷകവൃത്തിയുടെ ചട്ടം ലംഘിച്ച അഡ്വ.സി.കെ.ശ്രീധരൻ പെരിയ ഇരട്ട കൊലക്കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാവുന്നതിനെതിരെ ബാർ കൗൺസിലിന് പരാതി നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. കെ ഫൈസൽ പറഞ്ഞു. അഭിഭാഷകവൃത്തിക്ക് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. കേസ് ഫയലുകൾ കുടുംബത്തിൽ നിന്നും വാങ്ങി കൈവശം വച്ച് രേഖകൾ മനസ്സിലാക്കി പ്രതികൾക്കായി സി.ബി.ഐ കോടതിയിൽ ഹാജരാവുന്നത് ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് സാദ്ധ്യതയില്ലെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളെ ഹരജി നൽകുന്നതിൽ നിന്ന് സി.കെ.ശ്രീധരൻ പിന്തിരിപ്പിച്ചുവെന്നും ഫൈസൽ ആരോപിച്ചു.
സി.പി.എം സഹയാത്രികനായി കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തോട് ക്രൂരത കാണിക്കുന്ന സി.കെ.ശ്രീധരന്റെ പൊയ്മുഖം പുറത്തുകൊണ്ടുവരാൻ രാഷ്ട്രീയ പ്രചാരണം നടത്തുമെന്നും കോൺഗ്രസ് നേതൃത്വം പ്രസ്താവിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സി.കെ.ശ്രീധരനെതിരെ ഇന്നലെ രംഗത്തുവന്നിരുന്നു.
അതേസമയം പ്രതിസ്ഥാനത്തുള്ളവരുടെ കുടുംബം സമീപച്ചതിനെ തുടർന്നാണ് കേസിൽ താൻ വക്കാലത്ത് ഏറ്റെടുത്തതെന്ന് സി.കെ.ശ്രീധരൻ പറഞ്ഞു. സി.പി.എം നേതൃത്വം ഇക്കാര്യം നിർദ്ദേശിച്ചിട്ടില്ല. പെരിയ കേസിന്റെ ഫയൽ ഞാൻ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നീചമായ പ്രവൃത്തിയെന്ന് കുടുംബം
കാസർകോട് : കേസിന്റെ ആരംഭ ഘട്ടം മുതൽ ഗൂഢാലോചന നടത്തിയ സികെ ശ്രീധരന്റെ നടപടി നീചമായി പോയെന്ന് ശരത് ലാൽ, കൃപേഷ് എന്നിവരുടെ പിതാക്കളായ സത്യനാരായണൻ, കൃഷ്ണൻ, സഹോദരി അമൃത എന്നിവർ പറഞ്ഞു. പ്രതികൾക്ക് കൊലപാതകത്തിന് ശേഷം നിയമോപദേശം ലഭിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. ഗുഢാലോചനയിൽ സി.കെ.ശ്രീധരന്റെ റോൾ കൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ പരാതി നൽകും.
ഇരകൾക്കൊപ്പം നിന്ന് ദൂതൻമാർ വഴി കേസിന്റെ ഫയൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽ നിന്നും കൊല നടന്ന് രണ്ട് മാസത്തിനകം കൈപ്പറ്റി കൂടെ നിന്ന് വഞ്ചിച്ചത് മനുഷ്യത്വരഹിതമാണെന്നും ബന്ധുക്കൾ ആരോപിച്ചു.