
ഗാന്ധിനഗർ : മകളുടെ കോളേജ് ഫീസ് കൃത്യസമയത്ത് അടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ താപി ജില്ലയിലെ ഗോദ്ധാ ഗ്രാമത്തിലാണ് സംഭവം. കീടനാശിനി കഴിച്ചാണ് ബകുൽ പട്ടേൽ എന്നയാൾ ആത്മഹത്യ ചെയ്തത്. ഇലക്ട്രീഷ്യനായിരുന്ന ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മോട്ടോറുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയായിരുന്നു ഉപജീവനം കണ്ടെത്തിയിരുന്നത്. എന്നാൽ പട്ടേൽ ആത്മഹത്യ ചെയ്തത് മകളുടെ ഫീസ് അടയ്ക്കാനാവാത്തതിനാലാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്ന് സ്ഥലം എം എൽ എ പറഞ്ഞു.
സാമ്പത്തിക പ്രയാസം കാരണം മകൾക്ക് ഫീസടയ്ക്കാനാവാതെ പിതാവ് ആത്മഹത്യ ചെയ്ത സംഭവം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. ഈ നൂറ്റാണ്ടിലും ഇത്തരം സംഭവം ആവർത്തിക്കുന്നത് ലജ്ജാകരമാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഗുജറാത്തിലെ വിദ്യാഭ്യാസ നിലവാരത്തെ ചൊല്ലിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആം ആദ്മി ബി ജെ പിയെ നേരിട്ടത്.