
ഭോപ്പാൽ : ഗാനരംഗത്ത് കാവിനിറത്തിലെ വസ്ത്രമണിഞ്ഞ് അൽപ്പവസ്ത്രധാരിയായി ദീപികാ പദുക്കോൺ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വിവാദത്തിലായ പഠാൻ സിനിമ നിരോധിക്കണമെന്ന് മദ്ധ്യപ്രദേശിലെ മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്ന് മദ്ധ്യപ്രദേശിലെ ഉലമ ബോർഡ് ആവശ്യപ്പെട്ടു. 'പഠാൻ' വളരെ ബഹുമാനിക്കപ്പെടുന്ന സമൂഹമാണെന്നും സിനിമ ഇസ്ലാമിനെ അനാദരിക്കുന്നുവെന്നുമാണ് ബോർഡ് മേധാവിയുടെ ആക്ഷേപം. ചിത്രം ബഹിഷ്കരിക്കാനും ബോർഡ് മേധാവി സയ്യിദ് അനസ് അലി ആഹ്വാനം ചെയ്തിട്ടുണ്ട്.
മുംബയിലാണ് പത്താനെതിരെ ആദ്യമായി പരാതി രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ ഒരു കോടതിയിലും ചിത്രത്തിനെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
'പഠാൻ' ചിത്രത്തിലെ ഗാനത്തിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുധീർ ഓജ എന്നയാൾ പരാതി നൽകിയത്. കേസ് ജനുവരി 3 ന് പരിഗണിക്കും.
അതേസമയം മദ്ധ്യപ്രദേശിലും വലിയ എതിർപ്പാണ് ചിത്രത്തിനെതിരെയുള്ളത്. ഇവിടെ സർക്കാർ തലത്തിൽ തന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. മദ്ധ്യപ്രദേശ് സ്പീക്കർ ഗിരീഷ് ഗൗതം ഷാരൂഖ് ഖാന് അദ്ദേഹത്തിന്റെ മകൾക്കൊപ്പം ഈ സിനിമ കാണാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു. മദ്ധ്യപ്രദേശ് ആഭ്യന്ത്ര മന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും സിനിമയ്ക്ക് എതിരെ വന്നിട്ടുണ്ട്. ഇവർക്ക് പുറമേ സന്യാസിമാരും പ്രകോപിതരാണ്. സിനിമയുടെ റിലീസ് തടയണമെന്ന് ഇവർ ആവശ്യപ്പെട്ടു.