
കറാച്ചി: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാനിലെ വനിതാ രാഷ്ട്രീയ നേതാവ്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി പി പി) നേതാവ് ഷാസിയ മാരിയാണ് പത്രസമ്മേളനത്തിൽ ആണവായുധമെന്ന ഭീഷണി മുഴക്കിയത്. പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ ഇന്ത്യ അതിശക്തമായി പ്രതികരിച്ചിരിന്നു. ഇതിന് മറുപടി പറയാൻ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു ഷാസിയയുടെ ഭീഷണി.
'പാകിസ്ഥാനും ആറ്റംബോംബുണ്ടെന്ന് ഇന്ത്യ മറക്കരുത്. നിശബ്ദത പാലിക്കുക എന്നതല്ല ഞങ്ങളുടെ ആണവ നിലപാട്. ആവശ്യംവന്നാൽ അത് ഉപയോഗിക്കുന്നതിൽ നിന്ന് പിന്നാക്കം പോകില്ല'- ഇങ്ങനെയായിരുന്നു ഷാസിയയുടെ ഭീഷണി.
യു എന്നിൽ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ നിശിതമായി വിമർശിച്ചിരുന്നു ഭീകരതയുടെ പ്രഭവകേന്ദ്രം എന്നാണ് അദ്ദേഹം പാകിസ്ഥാനെ വിശേഷിപ്പിച്ചത്. ഇതിൽ പ്രകോപിതനായാണ് ബിലാവൽ ഭൂട്ടോ മോദിക്കെതിരെ പരാമർശം നടത്തിയത്. ലാദൻ മരിച്ചു. എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ഇന്ത്യയിലെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു ഭൂട്ടോയുടെ പരാമർശം.
ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഭൂട്ടോയുടേത് സംസ്കാര ശൂന്യമായ പൊട്ടിത്തെറിയാണെന്നും ഈ അഭിപ്രായങ്ങൾ പാകിസ്ഥാന്റെ അധഃപതനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.പ്രസ്‌താവനയ്‌ക്കെതിരെ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനു സമീപം ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. മറ്റു നഗരങ്ങളിൽ സർദാരിയുടെ കോലം കത്തിച്ചു.
ബിലാവൽ ഭൂട്ടോ സർദാരി നടത്തിയ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ബുപേഷ് ബഗേലും രംഗത്തെത്തിയിരുന്നു. നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്താൻ ആർക്കും അവകാശമില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണങ്കിലും മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. പാക് മന്ത്രിക്ക് ഉചിതമായ മറുപടി നൽകണമെന്നും ബാഗേൽ പറഞ്ഞു.