bride

വീട്ടിൽ പെൺകുട്ടികളുണ്ടെങ്കിൽ അവർക്ക് പതിനെട്ട് വയസ് കഴിഞ്ഞാൽ തന്നെ ബന്ധുക്കളും നാട്ടുകാരുമൊക്കെ വിവാഹാലോചനകളുമായി എത്താൻ തുടങ്ങും. എവിടെ ചെന്നാലും ഇത്രയും പ്രായമായിട്ടും എന്താ കല്യാണം കഴിക്കാത്തതെന്ന ചോദ്യവും പെൺകുട്ടികൾക്ക് നേരിടേണ്ടിവരും. ഇതുമൂലം ബന്ധുക്കളുടെ മുന്നിൽ പോകാൻ തന്നെ ഭയമുള്ളവരുണ്ട്.


ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങൾ സഹിക്കാൻ വയ്യാതെ ഒരു മുപ്പതുകാരി ദൈവത്തെ വിവാഹം കഴിച്ചിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിനിയായ പൂജാസിംഗാണ് ചടങ്ങുകൾ നടത്തി സാങ്കൽപികമായി മഹാവിഷ്ണുവിനെ വിവാഹം കഴിച്ചത്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ പൂജയുടെ ഈ തീരുമാനം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ഇത്തരത്തിലുള്ള വെറൈറ്റി വിവാഹത്തിന്റെ കാരണവും യുവതി തുറന്നുപറഞ്ഞു. ' നിസാരകാര്യങ്ങൾക്ക് ഭാര്യയും ഭർത്താവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. ഇതുമൂലം അവരുടെ ജീവിതം ദുരിതപൂർണമാകും. സ്ത്രീകളാണ് കൂടുതലും അനുഭവിക്കേണ്ടിവരിക. വിവാഹം കഴിച്ചിട്ട് എനിക്ക് എന്റെ ജീവിതം ഇല്ലാതാക്കാൻ താത്പര്യമില്ല. അതിനാലാണ് ഇങ്ങനെയൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്.

ജയ്പൂരിലെ നർസിംഗ്പുര ഗ്രാമത്തിലാണ് യുവതി താമസിക്കുന്നത്. ഡിസംബർ എട്ടിനായിരുന്നു ഈ അപൂർവ വിവാഹം നടന്നത്. റിട്ടയേർഡ് ബി എസ് എഫ് ഉദ്യോഗസ്ഥനായ പിതാവ് മകളുടെ തീരുമാനത്തെ ശക്തമായി എതിർത്തു. അദ്ദേഹം വിവാഹത്തിൽ പങ്കെടുത്തില്ല. എന്നിരുന്നാലും അമ്മ രത്തൻ കൻവാർ മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയും, കന്യാദാനം നടത്തുകയും ചെയ്‌തു.