bishop

താമരശേരി: ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യവുമായി താമരശേരി രൂപത. മാപ്പ് അബദ്ധങ്ങൾ നിറഞ്ഞതാണെന്നും സാമൂഹികാഘാത പഠനം നടത്തണമെന്നും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. ബഫർസോൺ വിഷയത്തിൽ സർക്കാർ മലയോര ജനതയുടെ വേദന മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.


സർവ്വേ റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ബിഷപ്പ് ആരോപിച്ചു. കർഷകർക്ക് ജീവിക്കാനുള്ള അവകാശമേ ഞങ്ങൾ ചോദിക്കുന്നുള്ളു. അത് ലഭിക്കുന്നതിന് വേണ്ടി സർക്കാർ തങ്ങൾക്കൊപ്പം നിൽക്കണം. രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് വിഷയത്തെപ്പറ്റി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനജാഗ്രത യാത്രകൾ നാളെ തുടങ്ങുമെന്നും ബിഷപ്പ് പത്രസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ബഫർസോൺ വിഷയത്തിൽ ബത്തേരി നഗരസഭ പ്രമേയം പാസാക്കി. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. സുൽത്താൻ ബത്തേരി നഗരമാകെ ബഫർസോൺ പരിധിയിലാണ് വരുന്നത്.

ഉപഗ്രഹ സർവ്വേ ഭൂപടം സൈറ്റുകളിൽ പ്രസിദ്ധീകരിച്ചതോടെയാണ് മലയോരമേഖലയിൽ ആശങ്ക ഉയർന്നത്. ഇതിനുപിന്നാലെയാണ് രൂപതയുടെ ഇന്നത്തെ പ്രതികരണം. വിഷയത്തിൽ കോൺഗ്രസും യു ഡി എഫും രംഗത്തിറങ്ങിയതോടെ രാഷ്ട്രീയമായി തിരിച്ചടിക്കാൻ സി പി എമ്മും സർക്കാരും ശ്രമിക്കും. എന്നാൽ സഭകളുടെ ഇടപെടൽ വെല്ലുവിളിയാണ്.

ഉപഗ്രഹസർവ്വേ അതേപടി അംഗീകരിക്കില്ലെന്നും ഫീൽഡിലെത്തി ആക്ഷേപങ്ങൾ പരിശോധിച്ച് പരിഹരിക്കുമെന്നുമുള്ള ഉറപ്പാണ് സർക്കാർ സഭയ്‌ക്ക് നൽകാൻ ശ്രമിക്കുന്നത്. വിഴിഞ്ഞത്ത് ലത്തീൻ സഭ മാത്രമായിരുന്നു സമരത്തിൽ. ബഫർസോണിൽ ക്രിസ്തീയ സഭകളാകെ സർക്കാരിനെതിരെയുണ്ട്. ശക്തിയും സ്വാധീനവും കൂടുന്ന വിഷയമായതിനാൽ ബഫർസോൺ സർക്കാരിനെതിരായ ആയുധമാക്കാനാണ് കോൺഗ്രസിന്റെയും നീക്കം.