
ചിറ്റഗോംഗ്: ബംഗ്ളാദേശ് നായകൻ ഷാക്കിബ് അൽ ഹസന്റെ പ്രതിരോധം (84) പൊളിച്ച് കുൽദീപ്. ഇന്ത്യൻ സ്‌പിൻ ആക്രമണത്തിൽ ബംഗ്ളാ ബാറ്റർമാർ ഒന്നടങ്കം വീണതോടെ ഇന്ത്യയ്‌ക്ക് ബംഗ്ളാദേശിനെതിരെ 188 റൺസിന്റെ ഉജ്വല വിജയം. ഒന്നാം ടെസ്റ്റ് മത്സരത്തിൽ അഞ്ചാം ദിനം മണിക്കൂറുകൾക്കകം തന്നെ ബംഗ്ളാദേശ് തോൽവി സമ്മതിച്ചു.
രണ്ടാം ഇന്നിംഗ്‌സിൽ 513 റൺസ് ലക്ഷ്യമിട്ട് പോരാടിയ ബംഗ്ളാദേശിനെ 324ൽ ഇന്ത്യ പൂട്ടിടുകയായിരുന്നു. ഓപ്പണറായെത്തിയ സാക്കിർ ഹസൻ നേടിയ സെഞ്ചുറിയുടെ പിൻബലത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ ബംഗ്ളാ ടീം കുതിച്ചെങ്കിലും ഇന്ത്യൻ പടയുടെ ബാറ്റിംഗ് കരുത്തിൽ പിടിച്ചുനിൽക്കാനാകാതെ വീണു. ഇന്ത്യ സ്‌കോർ: 404, 258/ 2 ഡിക്ളയേർഡ്. ബംഗ്ളാദേശ് സ്‌കോർ: 150, 324.
ആദ്യ ഇന്നിംഗ്‌സിൽ നിർണായകമായ 40 റൺസ് നേടുകയും രണ്ട് ഇന്നിംഗ്‌സിലുമായി എട്ട് വിക്കറ്റുകൾ വീഴ്‌ത്തുകയും ചെയ്‌ത കുൽദീപ് യാദവാണ് കളിയിലെ കേമൻ. നാലാം ദിനം കളി അവസാനത്തോടടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ളാദേശ്. അധികം വൈകാതെ മെഹ്‌ദി ഹസന്റെ വിക്കറ്റ് വീണതോടെ ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു. പിന്നാലെ ഇന്ന് സെഞ്ചുറിയിലേയ്ക്ക് നീങ്ങുകയായിരുന്ന ബംഗ്ളാ നായകൻ ഷാക്കിബ് അൽ ഹസനെ കുൽദീപ് എറിഞ്ഞുവീഴ്‌ത്തുകയും ചെയ്തു. 84 റൺസായിരുന്നു ഷാക്കിബിന് നേടാനായത്.
ഇന്ത്യയ്ക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റുകളും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകളും നേടി. സിറാജ്, ഉമേഷ് യാദവ്, അശ്വിന്‍ എന്നിവർക്കും ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു. ചേതേശ്വര്‍ പൂജാര, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ബാറ്റിംഗിലും കുല്‍ദീപ് യാദവ് ബൗളിംഗിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.