
കൊവിഡിലും തുടർന്നും പെറ്റ്‌കെയർ വിപണിയിൽ വൻ വളർച്ച
കൊച്ചി: ഓമനമൃഗങ്ങളെ സ്വന്തം മക്കളെയെന്നപോലെ നോക്കുന്നവരുടെ എണ്ണം നമ്മുടെ കൊച്ചുകേരളത്തിലും ഏറുകയാണ്. മക്കളേക്കാൾ കൂടുതൽ പരിഗണനയും ശ്രദ്ധയും ഓമനകൾക്ക് ആവശ്യമാണെന്ന അവബോധം ഉടമകളിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പെറ്റ്‌കെയർ ഉത്‌പന്ന വിപണി കാഴ്ചവയ്ക്കുന്ന വൻ മുന്നേറ്റം.
കൊവിഡ് കാലത്താണ് 'പെറ്റ്‌കെയർ" വിപണി വലിയ വളർച്ചയിലേക്ക് ചുവടുവച്ചത്. കൊവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചെത്തുകയും ചെയ്‌തതോടെ പെറ്റ്‌കെയർ വിപണി തളരുമെന്ന് ഭയന്നെങ്കിലും അതുണ്ടായില്ലെന്നും മികച്ച വില്പന തുടരുകയാണെന്നും കൊച്ചിയിലെ പ്രമുഖ പെറ്റ്‌കെയർ ഷോപ്പായ പെറ്റ്‌മാർക്കിന്റെ ഉടമ വി.എസ്.റോണി 'കേരളകൗമുദി"യോട് പറഞ്ഞു.
കൊവിഡിന്റെ തുടക്കകാലത്ത് നാമമാത്ര കടകളാണ് ഈ രംഗത്തുണ്ടായിരുന്നത്. വിപണിയിലെ സ്വീകാര്യത കണ്ടതോടെ ഒട്ടേറെപ്പേർ കടതുറന്നു. കേരളത്തിൽ എവിടെയും ഇപ്പോൾ ഒരു പെറ്റ്കെയർ ഷോപ്പെങ്കിലും കാണാം - റോണി പറഞ്ഞു.
ഓമന വേണം, ഒപ്പം വേണം
കൊവിഡിനുംമുമ്പ് ജോലിക്കും മറ്റുമായി യുവാക്കൾ നഗരത്തിലേക്ക് ജീവിതം അതിവേഗം പറിച്ചുനട്ടപ്പോൾ (റാപ്പിഡ് അർബനൈസേഷൻ) മുതൽ ഓമനമൃഗങ്ങളെയും കൂടെക്കൂട്ടിയത് പെറ്റ്‌കെയർ വിപണിയുടെ വളർച്ചയ്ക്ക് വിത്തിട്ടു.
ന്യൂക്ളിയർ കുടുംബ പശ്ചാത്തലം, ലൈഫ്‌സ്‌റ്റൈൽ മാറ്റങ്ങൾ എന്നിവയും കുടുംബത്തിൽ ഓമനമൃഗങ്ങളെത്താൻ വഴിയൊരുക്കി. കൊവിഡിലും ലോക്ക്ഡൗണിലും ഒറ്റപ്പെടലുകളെ മറികടക്കാനും പലരും അരുമമൃഗങ്ങളെ കൂടെക്കൂട്ടി.
അംഗസംഖ്യയേറുന്നു
കൊവിഡിന് ശേഷം മാത്രം 'പെറ്റ് അഡോപ്‌ഷനിൽ" വാർഷിക വളർച്ചാനിരക്ക് 11 ശതമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. നായ, പൂച്ച, പക്ഷികൾ, മീനുകൾ എന്നിവയ്ക്ക് പുറമേ മുയൽ, ഹാംസ്‌റ്റർ എന്നിവയെയും അനുവദനീയമായതും പ്രത്യേകതകളുള്ളതുമായ എട്ടുകാലികൾ, പാമ്പുകൾ, ആമകൾ എന്നിവയെയും വളർത്തുന്നവരുണ്ട്.
ലാബ്രഡോർ, ജർമ്മൻ ഷെപ്പേർഡ്, പഗ്, ഡാഷ് ഹണ്ട്, ഗോൾഡൻ റിട്രീവർ, റോട്ട്‌വീലർ, ഡോബർമാൻ, പോമറേനിയൻ തുടങ്ങിയവയാണ് നായകളിൽ ഏറ്റവുമധികം പ്രിയമുള്ളവ. പൂച്ചകളിൽ ബംഗാൾ, പേർഷ്യൻ, സയാമീസ്, ഹിമാലയൻ എന്നിവ.
സ്‌നേഹം, കരുതൽ
കുടുംബാംഗമായി തന്നെയാണ് ഒട്ടുമിക്കവരും ഓമനമൃഗത്തെ കരുതുന്നത്. അതേസമയം, സ്വന്തം മക്കൾക്ക് നൽകുന്നതിനേക്കാൾ ശ്രദ്ധ ഇവയ്ക്ക് അനിവാര്യവുമാണ്. കേവലം വീട്ടിലെ ഭക്ഷണമോ പരിചരണമോ മാത്രംകൊണ്ട് ഓമനമൃഗങ്ങൾക്ക് വളരാനാവില്ല.
ആരോഗ്യകരമായ വളർച്ചയ്ക്ക് പ്രായത്തിന് അനുയോജ്യമായ പോഷകാഹാരം വേണം; പരിചരണം വേണം. വിറ്റാമിനും കാത്സ്യവും പ്രോട്ടീനും മറ്റും ഉറപ്പാക്കാനാണിത്.
ഉദാഹരണത്തിന്, ദിവസങ്ങൾ മാത്രം പ്രായമായ നായക്കുഞ്ഞിന് സ്‌റ്റാർട്ടർ ഫുഡ് വിപണിയിലുണ്ട്. 3 മാസം കഴിയുമ്പോൾ 'പപ്പിഫുഡ്." 12 മാസത്തിന് ശേഷം 'അഡൾട്ട് ഫുഡ്". മറ്റ് ഓമനകൾക്കും ഇതേമാതൃകയാണ് പിന്തുടരേണ്ടത്. നായകൾക്ക് ഗ്രൂമിംഗ്, ട്രെയിനിംഗ്, മറ്റ് മെഡിക്കൽ കെയറുകൾ എന്നിവയും വേണം.
അണിയിച്ചൊരുക്കാം
ഓമനകളെ സൗന്ദര്യബോധം അറിയിച്ചുതന്നെയാണ് വളർത്തുക. വളർത്തുനായ്ക്കൾക്ക് ഗ്രൂമിംഗും ട്രെയിനിംഗും നൽകാറുണ്ട്. നായയെ (മറ്റ് ഓമനകളെയും) കുളിപ്പിക്കാനുള്ള സോപ്പ്, ഷാംപൂ, കണ്ടിഷനർ, ബാത്തിംഗ് ആക്‌സസറികൾ എന്നിവ വിപണിയിലുണ്ട്. ടവൽ, ചീർപ്പ് (കോമ്പ്) എന്നിവയുമുണ്ട്.
പല്ലുതേയ്‌ക്കാൻ ബ്രഷ്, നാവ് വൃത്തിയാക്കാൻ ടങ്ക് ക്ളീനർ, പേസ്‌റ്റ്, നഖം വെട്ടാൻ നെയിൽകട്ടർ തുടങ്ങിയവയുമുണ്ട്. പെറ്റ്കെയർ ഷോപ്പുകളിൽ ഗ്രൂമിംഗ് (കുളിപ്പിക്കൽ, നഖം, മുടിവെട്ടൽ തുടങ്ങിയവ) സൗകര്യം ഇപ്പോൾ ലഭ്യമാണ്. മൂന്നുമാസത്തിലൊരിക്കൽ ഗ്രൂമിംഗ് വേണം. ഒറ്റത്തവണ നിരക്ക് 100 രൂപ മുതൽ 2,000 രൂപയ്ക്കു മേലെ വരെയാണ്. നായയെ ദിനചര്യകൾ (അനുസരണാശീലവും) പഠിപ്പിക്കാൻ പ്രൊഫഷണൽ ട്രെയിനർമാരുടെ സേവനവും കിട്ടും.
ചെലവേറെ
പെറ്റ്‌കെയർ ഉത്‌പന്നങ്ങൾക്ക് ചെലവും നിസാരമല്ല. ഭക്ഷ്യോത്‌പന്നങ്ങൾക്ക് 150 രൂപ മുതൽ വില തുടങ്ങും. 10,000 രൂപയ്ക്കുമേൽ വിലവരുന്നവയുമുണ്ട്. നെയിൽകട്ടറിനുപോലും വില നിലവാരമുള്ളതിന് 150 രൂപയ്ക്കുമേലാണ്. നെയിൽ ഗ്രൈൻഡിംഗ് മെഷീന് 600 രൂപ മുതൽ 3000 രൂപ വരെ! ഭക്ഷണം കഴിക്കാൻ പാത്രം, ടവൽ, കിടക്ക, കോളറുകൾ, ബെൽറ്റുകൾ, കഴുത്തിൽ മണി, വസ്ത്രം, ടൂത്ത് ബ്രഷ്, ചീപ്പ്, ഷാംപൂ, ഫുഡ്/ഹെൽത്ത് സപ്ളിമെന്റുകൾ, ഡയപ്പറുകൾ, പൗഡർ, പ്രായത്തിന് അനുസരിച്ചുള്ള കളിപ്പാട്ടങ്ങൾ തുടങ്ങിയവയ്ക്കും വില ചെറുതല്ല.
വൻ വിപണി, വളരുന്ന വിപണി
ഇന്ത്യയുടെ മൊത്തം സംഘടിത പെറ്റ്‌കെയർ വിപണിയുടെ മൂല്യം 2021ൽ 8,000 കോടി രൂപയായിരുന്നു എന്നാണ് വിലയിരുത്തൽ. ഇതിൽ 4,000 കോടി രൂപയും പെറ്റ്ഫുഡ് വിഭാഗത്തിൽ നിന്നാണ്. 2022ൽ മൊത്തം വിപണിമൂല്യം 12,000 കോടി രൂപ കടന്നുവെന്ന് കരുതുന്നു. 2025ൽ 15,000 കോടി രൂപയും 2030ഓടെ 20,000 കോടി രൂപയും കടക്കും.
പ്രതിവർഷം 10 ശതമാനത്തിൽ കുറയാത്ത വളർച്ചയാണ് പെറ്റ്‌കെയർ വിപണി കുറിക്കുന്നത്.
കൊവിഡിലെ രണ്ടുവർഷക്കാലം പെറ്റ്ഫുഡ് വിഭാഗം മാത്രം രേഖപ്പെടുത്തിയ വളർച്ച 30-35 ശതമാനമാണ്.
ഇന്ത്യയുടെ മൊത്തം പെറ്റ്‌കെയർ വിപണിയുടെ വിറ്റുവരവിന്റെ മുന്തിയപങ്കും ഉത്തരേന്ത്യയിലാണ്.
കൊവിഡിന് ശേഷം കേരളത്തിലും വലിയ വളർച്ചയുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
ഉയരുന്നു, ഇന്ത്യൻ
കമ്പനികൾ
ചൈന, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ് മുമ്പ് പെറ്റ്‌കെയർ ഉത്‌പന്നങ്ങൾ ഇന്ത്യ പ്രധാനമായും വാങ്ങിയിരുന്നത്. ഈ രംഗത്ത് ആഭ്യന്തര കമ്പനികൾ നാമമാത്രമായിരുന്നു. കൊവിഡാനന്തരം വിപണികുതിച്ചതോടെ പെഡിഗ്രി, ഡ്രൂൽസ് എന്നിവയ്ക്ക് പുറമേ എഫ്.എം.സി.ജി ബ്രാൻഡുകളായ ഹിമാലയ, നെസ്‌ലെ തുടങ്ങിയവയും ഈ രംഗത്തേക്ക് പ്രവേശിച്ചു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിച്ചിട്ടുണ്ട്.
റോയൽകാനിൻ, മാർസ് ഇന്റർനാഷണൽ, ബ്രോയിലർ, എൻ ആൻഡ് ഡി., ഡ്രൂൽസ് തുടങ്ങിയവയാണ് പെറ്റ്ഫുഡ് ശ്രേണിയിലെ പ്രമുഖർ.
ചൂസ്‌റ്റിക്‌സ്, വോൾ, ഹിമാലയ, നെസ്‌ലെ, പെറ്റ്‌വേദ തുടങ്ങിയവ പെറ്റ്‌കെയർ ഉത്‌പന്നങ്ങളിറക്കുന്നു
ഹിമാലയ, നെസ്‌ലെ, കാഡില, സൈഡസ് തുടങ്ങിയവ ഹെൽത്ത്കെയർ, ഡെന്റൽ, ഐ കെയർ, ഡയപ്പർ തുടങ്ങിയവ വിപണിയിലെത്തിക്കുന്നു.
നെസ്‌ലെയുടെ നീക്കം
ഇന്ത്യൻ പെറ്റ്‌കെയർ വിപണിയുടെ വളർച്ചയുടെ പ്രസക്തി വ്യക്തമാക്കുന്നതാണ് പ്രമുഖ എഫ്.എം.സി.ജി ബ്രാൻഡായ നെസ്‌ലെയുടെ അടുത്തിടെ നടന്നനീക്കം. പെറ്റ്ഫുഡ് രംഗത്തെ ഇന്ത്യൻ കമ്പനിയായ പ്യൂരിന പെറ്റ്‌കെയറിനെ 123.5 കോടി രൂപയ്ക്ക് നെസ്‌ലെ ഏറ്റെടുത്തു.
2018-21ൽ പെറ്റ്‌ഫുഡ് വിപണി 39.4 ശതമാനം വാർഷിക വളർച്ച നേടിയെന്നും 2022-26ൽ പ്രതീക്ഷ 50 ശതമാനത്തിന് മേലെയാണെന്നും വിലയിരുത്തിയായിരുന്നു നെസ്‌ലെയും ഈ ഏറ്റെടുക്കൽ.