rehana-fathima

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. കൗൺസിൽ ഹർഷദ് വി ഹമീദാണ് സംസ്ഥാനത്തിനായി സത്യവാങ്മൂലം സമർപ്പിച്ചത്.

കോടതിയുടെ വ്യവസ്ഥകൾ പലതവണ ലംഘിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും പറയുന്ന സത്യവാങ്മൂലത്തിൽ രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും ആവശ്യപ്പെടുന്നുണ്ട്.

യുവതീ പ്രവേശന വിധിക്ക് പിന്നാലെ ശബരിമല ദർശനത്തിനെത്തിയപ്പോൾ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹർജി നൽകിയത്. ഇതിനെതിരെയാണ് സത്യവാങ്മൂലം.

നേരത്തെയും നിരവധി വിവാദങ്ങളിലൂടെ രഹ്ന കുപ്രസിദ്ധി നേടിയിരുന്നു. നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം, യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമല ദർശനത്തിനെത്തിയത് എന്നിവയാണ് രഹ്നയെ വിവാദ നായികയാക്കിയത്. യൂട്യൂബ് ചാനലിലൂടെ 'ഗോമാതാ ഉലർത്ത്' എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. വർഗീയ സംഘർഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രൻ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയുടെ അടിസ്ഥാനത്തിൽ രഹ്നയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ശബരിമല വിവാദത്തിൽ, സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹ്നയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.