
ലക്നൗ : പണം കൂട്ടിവച്ച് കുന്നോളമാക്കിയിട്ടും ഭിക്ഷയെടുത്ത് ദാരിദ്യത്തിൽ ജീവിതം അവസാനിക്കുന്ന ഭിക്ഷക്കാരെ കുറിച്ച് കേട്ടിട്ടുണ്ടാവും. ഇതിന് സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം യു പിയിലെ സംദാർ ഖുർദിൽ സംഭവിച്ചു. ഇവിടെ നഗരത്തിൽ ഭിക്ഷ എടുത്ത് കഴിഞ്ഞിരുന്ന ഷെരീഫ് എന്നയാളാണ് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചിട്ടും ഭിക്ഷക്കാരനായി തുടർന്നത്. അറുപത്തിരണ്ട്കാരനായ ഇയാൾക്ക് കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ പരിക്കേറ്റതോടെയാണ് നാട്ടുകാർ സമ്പാദ്യം കണ്ടെത്തിയത്.
കുടുംബമില്ലാത്തതിനാൽ അനന്തരവൻ ഇനായത്ത് അലിക്കൊപ്പമായിരുന്നു ബധിരനും മൂകനുമായ ഷെരീഫ് കഴിഞ്ഞിരുന്നത്. ഭട്ടാഹട്ട് ടൗണിലെ ടാക്സി സ്റ്റാൻഡിലായിരുന്നു ഷെരീഫ് ദിവസവും യാചിച്ചിരുന്നത്. ഇവിടെ വച്ച് ഒരു വിദ്യാർത്ഥി ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് യാചകന് പരിക്കേറ്റത്. തുടർന്ന് ആളുകൾ പൊലീസിൽ വിവരമറിയിക്കുകയും യാചകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ വച്ച് ഇയാളുടെ വീർത്ത പോക്കറ്റ് പരിശോധിച്ചപ്പോഴാണ് 3.64 ലക്ഷം രൂപ കണ്ടെത്തിയത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെരീഫിന് കാലിന് പൊട്ടലുമുണ്ട്. തുടർ ചികിത്സയ്ക്കായി ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഒഡീഷയിലെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 70 വയസ്സുള്ള ഒരു സ്ത്രീ ഭിക്ഷാടനത്തിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ സംഭാവന ചെയ്ത റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.