
വിലയിലും എരിവിലും മുന്നിലാണ് കേരളത്തിന്റെ സ്വന്തം കോടാലി മുളക്. ഇതിന് ആവശ്യക്കാരേറെയാണ്. പലപ്പോഴും ആവശ്യത്തിന് കിട്ടാറില്ല എന്നതാണ് സത്യം. മിക്കപ്പോഴും കിലോയ്ക്ക് ഇരുനൂറുരൂപയോളം ലഭിക്കും എന്നാണ് കർഷകർ പറയുന്നത്. സീസൺ അനുസരിച്ചാണ് വില.
വർഷങ്ങൾക്ക് മുൻപ് സ്വർണ്ണത്തിന് നൂറ് രൂപയുണ്ടായിരുന്ന കാലത്ത് കോടാലിക്കാരനായ കർഷകൻ നാല് കിലോ മുളക് ഇരിങ്ങാലക്കുട ചന്തയിൽ കിലോ 25 രൂപക്ക് വിൽക്കുകയും ഈ പണവുമായ് ഒരു പവൻ സ്വർണ്ണവും വാങ്ങി കോടാലിയിലേക്ക് മടങ്ങിയെന്നും പ്രദേശത്തെ പഴമക്കാർ വാമൊഴിയായി പറയുന്നു. അക്കാലം തൊട്ടെ കോടാലി മുളക് എത്ര വില നൽകി വാങ്ങുവാനും ആളുണ്ടായിരുന്നതായും അവർ പറയുന്നു.
തൃശൂർ ജില്ലയിലെ കോടാലി ഗ്രാമത്തിന്റെ പേരിലാണ് ഈ മുളക് അറിയപ്പെടുന്നത്. ജൈവ രീതിയിൽ വളർത്തിയാലാണ് മികച്ച വിളവ് ലഭിക്കുന്നത്. മണലും ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്ത മിശ്രിതത്തിലാണ് മുളക് വിത്തുകൾ പാകേണ്ടത്. ദിവസങ്ങൾക്കുള്ളിൽ തന്നെ മുളച്ചുവരും. നാലില വന്നാൽ തോട്ടത്തിൽ നടാം. വാഴയുടെയും മറ്റും ഇടവിളയായാണ് കൃഷിചെയ്യുന്നതെങ്കിൽ അധികം പരിചരണം നൽകിയില്ലെങ്കിലും നല്ല വിളവ് ലഭിക്കും.
ചെടി നട്ട് മൂന്നുമാസം കഴിയുമ്പോൾ മുതൽ വിളവെടുത്ത് തുടങ്ങാം. മികച്ച പരിചരണം നൽകിയാൽ ഒന്നിടവിട്ട ആഴ്ചകളിൽ ഒരു ചെടിയിൽ നിന്ന് അരക്കിലോയിലധികം മുളക് ലഭിക്കും. രണ്ടുവർഷംവരെ സമൃദ്ധമായ് തന്നെ വിളയും. മഴക്കാലത്താണ് വിളവ് കൂടുതൽ കിട്ടുക. കോടാലി മുളകിന്റെ നഴ്സറിയിൽ വളർത്തിയെടുത്ത മികച്ച തൈകൾ ഹോർട്ടിക്കൾച്ചർ മിഷൻ വിപണന കേന്ദ്രത്തിലും മറ്റും ഇപ്പോൾ ലഭിക്കും.