
ജയ്‌പൂർ: അടുത്ത ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം പത്ത് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് യുവാവ്. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. കേസിൽ മുപ്പത്തിരണ്ടുകാരനായ അനുജ് ശർമ്മ അറസ്റ്റിലായി.
ഡിസംബർ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറുപത്തിനാലുകാരിയായ സരോജ് ആണ് കൊല്ലപ്പെട്ടത്. ജയ്‌പൂർ വിദ്യാധർ നഗറിലെ വീട്ടിൽ അനുജ് പിതാവിനും സഹോദരിയ്ക്കും അമ്മായി സരോജിനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭർത്താവിന്റെ മരണശേഷം സരോജ് ഇവരോടൊപ്പം കഴിയുകയായിരുന്നു. അനുജിന്റെ മാതാവ് കൊവിഡ് ബാധിതയായി കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു.
സംഭവം നടക്കുമ്പോൾ അനുജും സരോജും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിതാവും സഹോദരിയും ഇൻഡോറിലേയ്ക്ക് പോയിരുന്നു.ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേയ്ക്ക് പോകാൻ അനുജ് ആഗ്രഹിച്ചിരുന്നു. എന്നാലിത് സരോജ് തടഞ്ഞു. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ സരോജ് ചായ ഉണ്ടാക്കുന്നതിനിടെ ചുറ്റികയുമായെത്തിയ അനുജ് സരോജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹം മാർബിൾ കട്ടർ ഉപയോഗിച്ച് പത്ത് കഷ്ണങ്ങളായി മുറിച്ച് ബക്കറ്റിലും സ്യൂട്ട്‌കേസിലുമായി ജയ്‌പൂർ- സിക്കർ ഹൈവേയിലെ വിദൂര പ്രദേശങ്ങളിലായി ഉപേക്ഷിച്ചു. തുടർന്ന് അമ്മായിയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റ് ബന്ധുക്കളോടൊപ്പം ചേർന്ന് ഇയാൾ സരോജിനെ തിരയുകയും ചെയ്തിരുന്നു.
അന്വേഷണത്തിനിടെ അനുജ് നൽകിയ മൊഴി പരസ്‌പര വിരുദ്ധമാണെന്ന് മനസിലാക്കിയ പൊലീസ് ഇയാളെ നീരിക്ഷിക്കുകയായിരുന്നു. ഇതിനിടെ സിസിടിവി പരിശോധിച്ച് പൊലീസ് ഇയാൾ ബക്കറ്റും സ്യൂട്ട്‌കേസുമായി പോകുന്നതും കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. അടുക്കളയിൽ രക്തക്കറ കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേർത്തു.
അനുജ് അതിസമർത്ഥനും വിദ്യാസമ്പന്നനുമാണ്. സൈക്കോപാത്തിന്റേതായ ലക്ഷണങ്ങളുണ്ട്. അനുജ് അമ്മായിയെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയെങ്കിലും അവർ മറ്റ് എവിടെയെങ്കിലും പോയതായി സിസിടിവിയിൽ കണ്ടെത്താനായില്ല. മാത്രമല്ല അനുജ് ബക്കറ്റും സ്യൂട്ട്‌കേസുമായി പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നുവെന്ന് ജയ്‌പൂർ പൊലീസ് വ്യക്തമാക്കി. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.