jayarajan

കണ്ണൂർ: ലോകകപ്പ് അർജന്റീന ഉയർത്തുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുമൂല്യം ഉയർപ്പിടിക്കുന്ന രാജ്യമായതിനാലാണ് അർജന്റീനയുടെ ഫാനായതെന്നും, അവർ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ഫുട്‌ബോൾ മേളയ്ക്ക് ലോകമെമ്പാടുമുള്ള ജനങ്ങൾ വലിയ പിന്തുണയാണ് നൽകുന്നത്. പൊതുവെ ഈ മത്സരരംഗത്തുള്ള എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ടവരാണ്. ഫൈനലിൽ എത്തിയിരിക്കുന്നത് അർജന്റീനയും ഫ്രാൻസുമാണ്. രണ്ടും നല്ല മെച്ചപ്പെട്ട കളിക്കാരാണ്. ഞാൻ ഫുട്‌ബോളിനെ ആരാധിക്കുന്ന ആളാണ്.

അർജന്റീന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തരായ ധീരപോരാളികളുടെ നാടാണ്. അതുകൊണ്ട് സ്വാഭാവികമായും ഈ അർജന്റീനയോടൊപ്പം ചേർന്നുപോകും. കളിക്കളത്തിലും അവർ മെച്ചപ്പെട്ട പ്രകടനമായിരുന്നു. കഴിഞ്ഞ പ്രാവശ്യവും അവർ നല്ല പെർഫോമൻസായിരുന്നു.

ഫ്രാൻസും എതാണ്ട് നല്ല നിലയിൽ തന്നെയാണ്. ഞാൻ അർജന്റീനയ്‌ക്കൊപ്പമാണ്. അവർ ജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മെസി നല്ല കളിക്കാരനാണ്. ഒരു മത്സരത്തിൽ എങ്ങനെ ജയിച്ചുവരണമെന്ന് ബുദ്ധിയും കായികതയും ഒന്നിച്ച് പ്രയോഗിക്കുന്ന പ്രതിഭ. മെസിയുടെ ഫുട്‌ബോൾ കഴിവിനെ ബഹുമാനിക്കുന്നയാളാണ് ഞാൻ.'- ജയരാജൻ പറഞ്ഞു.