swiggy-

വർഷം അവസാനിക്കാറായപ്പോൾ പതിവുപോലെ കണക്കുകൾ പുറത്ത് വിട്ട് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. 2022ൽ ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണ സാധനങ്ങളുടെ വിവരങ്ങളാണ് കമ്പനി പുറത്ത് വിട്ടത്. പതിവ് പോലെ ഇക്കുറിയും ഒന്നാം സ്ഥാനം ബിരിയാണി സ്വന്തമാക്കി. കഴിഞ്ഞ ഏഴ് വർഷമായി ഒന്നാം സ്ഥാനം ബിരിയാണി കൈയടക്കി വച്ചിരിക്കുകയാണ്.


മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കൻ എന്നിവയാണ് ബിരിയാണിക്ക് തൊട്ടുപിന്നിൽ അണിനിരക്കുന്നത്.


ഈ വർഷം ഏറ്റവും കൗതുകകരമായ സംഭവം ബംഗളൂരുവിലെ ഒരാളുടെ ഓഡറായിരുന്നു എന്ന് കമ്പനി പറയുന്നു. ഈ വർഷം മാത്രം 16 ലക്ഷം രൂപയുടെ പലചരക്ക് സാധനങ്ങളാണ് ഇയാൾ സ്വിഗ്ഗി വഴി വാങ്ങിയതത്രേ. രാജ്യത്ത് ഒരു ഉപയോക്താവിന്റെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം ഒറ്റത്തവണ കൂടുതൽ രൂപയ്ക്ക് ആഹാരം ഓർഡർ ചെയ്ത വിവരങ്ങളും കമ്പനി പുറത്ത് വിട്ടു. അതും ബംഗളൂരുവിലാണ്. 75,378 രൂപയ്ക്ക് ഒറ്റ ഓർഡർ നൽകുകയായിരുന്നു. ദീപാവലി ആഘോഷത്തിനിടെയായിരുന്നു ഇത്. അതേസമയം പൂനെയിൽ നിന്നുള്ള മറ്റൊരാൾ 71,229 രൂപയുടെ ബർഗറും ഓർഡർ നൽകിയിരുന്നു. കൊവിഡ് സമയത്താണ് ഇന്ത്യക്കാർ ഓൺലൈൻ ഡെലിവറിയുടെ ഫാനായി മാറിയത്.
ഈ വർഷം ഉപയോക്താക്കൾ ധാരാളം കൊറിയൻ, ഇറ്റാലിയൻ ഭക്ഷണം ഓർഡർ ചെയ്തതായി സ്വിഗ്ഗി പറയുന്നു.