pudava

വിവാഹത്തിൽ ഏറ്റവും സുപ്രധാന ചടങ്ങായി ഒട്ടുമിക്കവരും കണക്കാക്കുന്നത് താലികെട്ടിനെയാണ്. എന്നാൽ താലികെട്ടിനൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് പുടവ കൊടുക്കലും. 'പുടവകൊട' എന്നാണ് പണ്ടുകാലത്ത് വിവാഹം അറിയപ്പെട്ടിരുന്നത്. പഴമക്കാർക്ക് ഇപ്പോഴും വിവാഹം എന്നാൽ പുടവകൊട തന്നെയാണ്.

പുരാതന കാലംമുതൽ പുടവ കൊടുക്കലിന് വലിയ പ്രാധാന്യമാണ് ഹിന്ദുക്കൾ നൽകിയിരുന്നത്. മറ്റു മതസ്ഥരും ഈ ആചാരരീതിയിൽ നിന്നുംവ്യത്യസ്തരല്ല. പുരുഷൻ ഒരു സ്ത്രീക്ക് പുടവ (വസ്ത്രം) നൽകിയാൽ അവർ ഭാര്യയും ഭർത്താവും ആയെന്നാണ് കരുതിയിരുന്നത്. കാലം മാറിയതോടെ ഇതിൽ പല പരിഷ്കാരങ്ങളും വന്നു. പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ചടങ്ങുകളിൽ മാറ്റംവരുത്തി. എങ്കിലും പ്രാധാന്യത്തിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. വിവാഹത്തിന് താലിയും മാലയും ചാർത്തിയശേഷമാണ് പുടവ കൊടുക്കുന്നത്. ഒരു തളികയിൽ പുടവ വച്ചതിനുശേഷം അതിനുമുകളിൽ നാണയമോ വെറ്റിലയും പാക്കും വച്ചോ ആണ് നൽകുന്നത്.

നാണം മറയ്ക്കുക എന്നതാണ് വസ്ത്രത്തിന്റെ പ്രധാന ധർമ്മം. ഇതിനൊപ്പം ചൂടിൽ നിന്നും തണുപ്പിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതും വസ്ത്രമാണ്. ഒപ്പം ശരീരത്തെ മനോഹരമാക്കുക എന്നതും വസ്ത്രത്തിന്റെ ധർമ്മത്തിൽ പെടുന്നു. അതിനാൽ പുടവ കൊടുക്കുന്നതിലൂടെ എല്ലാ അർത്ഥത്തിലും വധുവിനെ സംരക്ഷിച്ചുകൊള്ളം എന്ന ഉറപ്പാണ് നൽകുന്നത്. ബന്ധുക്കൾ ഉൾപ്പടെയുള്ള ഒരു ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ഈ ഉറപ്പ് നൽകുന്നത്. ഇങ്ങനെ തങ്ങളുടെ മകളെ സുരക്ഷിതമായ ഒരു കൈയിൽ പിടിച്ചേൽപ്പിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ എത്തിയവർക്ക് വധുവിന്റെ രക്ഷിതാക്കൾ നൽകുന്ന സന്തോഷസമ്മാനമാണ് വിവാഹ സദ്യ.