onion

പ്രതീക്ഷിക്കാതെ വീട്ടിലേയ്ക്ക് അതിഥികളും മറ്റും കടന്നുവന്നാൽ മിക്കവാറും പേരും ചെയ്യുന്നത് കുട്ടികളെ അടുത്തുള്ള കടകളിലേയ്ക്ക് പറഞ്ഞയക്കുന്നതാവും. എന്നാൽ വീട്ടിൽ കാണുന്ന സാധനങ്ങൾ കൊണ്ടുതന്നെ പെട്ടെന്ന് ചെറുപലഹാരങ്ങൾ ഉണ്ടാക്കിയാൽ ഇത്തരത്തിൽ ടെൻഷൻ അടിക്കേണ്ടി വരില്ല. എളുപ്പത്തിൽ തയ്യാറാക്കാവുന്ന കുറച്ച് ചെറുപലഹാരങ്ങൾ പരിചയപ്പെടാം.

1. വെജിറ്റബിൾ കട്ട്‌ലറ്റ്

വീട്ടിൽ കാണുന്ന പച്ചക്കറികൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്‌നാക്ക് ആണ് വെജിറ്റബിൾ കട്ട്‌ലറ്റ്. ക്രിസ്‌പിയായ കട്ട്‌ലറ്റ് അൽപ്പം സോസും ചേർത്ത് വിളമ്പാം. ഇതിന്റെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

ബീൻസ്, കാരറ്റ്, ചെറിയ വെള്ളരി,കോളിഫ്ളവർ, ഉരുളക്കിഴങ്ങ് എന്നിവ വേവിച്ചത്, ഒരു ടീസ്‌പൂൺ ജീരകം, ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ട് ടീസ്‌പൂൺ, രണ്ട് ടീസ്‌പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്‌പൂൺ മുളകുപൊടി, ഉപ്പ്, പച്ചമുളക് ചെറുതായി അരിഞ്ഞത്, രണ്ട് മുട്ട അടിച്ചത്, ഒന്നര കപ്പ് മാവ്, എണ്ണ, കോട്ടിംഗിനായി ബ്രഡ് പൊടിച്ചത്.

തയ്യാറാക്കുന്ന വിധം

പാൻ അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ചുചൂടാക്കിയതിന് ശേഷം ജീരകവും ഇഞ്ചിയും ഇട്ട് വറുത്തെടുക്കണം. ഇതിലേയ്ക്ക് വേവിച്ചുവച്ചിരിക്കുന്ന കാരറ്റ്, ബീൻസ്, കോളിഫ്ളവർ, വെള്ളരി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ഇതിലേയ്ക്ക് മല്ലിപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കണം. തീ അണച്ചശേഷം തണുത്തുകഴിയുമ്പോൾ ഉരുളക്കിഴങ്ങ് ചേർത്തുകൊടുക്കാം. ഇവ എല്ലാം കൂടി ചേർത്ത് കട്ട്‌ലറ്റിന്റെ രൂപത്തിൽ ആക്കിയെടുത്ത് മാവിൽ മുക്കിയെടുത്തിത് ശേഷം മുട്ടയിൽ മുക്കിയെ‌ടുക്കണം. ശേഷം ബ്ര‌ഡ് പൊടിയിൽ മുക്കിയെടുക്കാം. ഇത്തരത്തിൽ ഒന്നുരണ്ടുതവണ കൂടി ചെയ്ത് എണ്ണയിൽ ഇട്ട് വറുത്തെടുക്കാം.

2. ഫ്രൈഡ് ഒണിയൻ റിംഗ്‌സ്

വീട്ടിൽ കുറച്ച് സവാള ഇരുപ്പുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ അടിപൊളിയൊരു പലഹാരം ഉണ്ടാക്കാം. ഫ്രൈഡ് ഒണിയൻ റിംഗ്‌സിന്റെ റെസിപ്പി നോക്കിയാലോ.

ചേരുവകൾ

ഒരു കപ്പ് മൈദ, ഉപ്പ്, അര ടീസ്‌പൂൺ ബേക്കിംഗ് പൗഡർ, വെളുത്തുള്ളി അരച്ചത്, ഒരു ടീസ്‌പൂൺ കുരുമുളക് പൊടി, ഒലിവ് ഓയിൽ (വെളിച്ചെണ്ണ ആയാലും മതിയാകും), ഒരു ടേബിൾ സ്‌പൂൺ പാല്, അര കപ്പ് വെള്ളം, മുട്ടയിൽ ഉപ്പും കുരുമുളകും ചേർത്ത് അടിച്ചത്, സവാള വട്ടത്തിൽ അരിഞ്ഞത്, ബ്രഡ് പൊടിച്ചത്.

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദ എടുത്ത് അതിൽ ഉപ്പ്, വെളുത്തുള്ളി അരച്ചത്, ബേക്കിംഗ് പൗഡർ, കുരുമുളക് പൊടി എന്നിവ ചേർക്കണം. ഇതിലേയ്ക്ക് പാലും ഒലിവ് ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേയ്ക്ക് അരകപ്പ് വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. അടുത്തതായി വട്ടത്തിൽ അരിഞ്ഞുവച്ചിരിക്കുന്ന സവാള ആദ്യം മാവിൽ മുക്കി ശേഷം അടിച്ചുവച്ചിരിക്കുന്ന മുട്ടയിൽ മുക്കി എണ്ണയിലിട്ട് വറുത്തെടുക്കാം.